കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ചു നിരത്തിയ കൊല്ലം കുന്ന്യോറമലയില്‍ വന്‍ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി.
മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊല്ലം കുന്ന്യോറ മലയില്‍ നിന്ന് മാറ്റി താമസിപ്പിച്ച മുപ്പതോളം കുടുംബങ്ങളെ കാണാനെത്തിയതായിരുന്നു എം.പി. കൊല്ലം ഗുരുദേവ കോളേജിലാണ് കുടുംബങ്ങള്‍ കഴിയുന്നത്. ദുരന്തസമാനമായ സാഹചര്യമാണ് ഇവിടെയുളളത്. ഭീകരമായ വിധത്തിലാണ് ഇവിടെ മണ്ണിടിയുന്നത്. റോഡ് വശത്തുളള വീടുകളൊന്നും വാസയോഗ്യമല്ല. കുടുംബങ്ങള്‍ കാലാകാ ലമായി ഭീഷണി നേരിട്ട് ജീവിക്കുക പ്രയാസമാണ്. എല്ലാ കാലത്തും ദുരിതാശ്വാസ കേമ്പിലും താമസിക്കാനാവില്ല. കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയെ വീണ്ടും സന്ദര്‍ശിച്ച് ജനങ്ങല്‍ നേരിടുന്ന പ്രയാസങ്ങള്‍ വിശദീകരിക്കും. ദേശീയ പാതാ നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണം. ഹൈവേക്ക് വേണ്ടി ഇത്രയും താഴ്ത്തി മണ്ണെടുത്തത് കാരണം വശങ്ങളില്‍ വലിയ തോതിലാണ് മണ്ണിടിയുന്നത്. വിദഗ്ധ സമിതി ഇവിടം സന്ദര്‍ശിച്ചതായാണ് വിവരം. അവരുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും എം.പി.ആവശ്യപ്പെട്ടു.
വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ എല്ലാ സഹിക്കണമെന്ന് പറയുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്നും എം.പി പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.എം.സുമതി, വി.പി.ഇബ്രാഹിം കുട്ടി,രജീഷ് വെങ്ങളത്ത് കണ്ടി,ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍,എന്‍.മുരളീധരന്‍,വി.ടി.സുരേന്ദ്രന്‍,അരുണ്‍ മണമല്‍,തെന്‍ഹീര്‍ കൊല്ലം തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.