കൊയിലാണ്ടി കൊല്ലം കുന്ന്യോറ മലയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നു കുന്നിന് മുകളിൽ താമസക്കാരായ കൂടുതൽ പേരെ തൊട്ടടുത്ത ഗുരുദേവ കോളേജിലേക്ക് മാറ്റി താമസിപ്പിച്ചു .25 കുടുംബങ്ങളിൽ നിന്നായി 90 പേരെയാണ് സുരക്ഷിതസ്ഥാനത്തേക്ക് റവന്യൂ അധികൃതർ ഇടപെട്ട് മാറ്റിയത്. നേരത്തെ 13 കുടുംബങ്ങളെയാണ് ചൊവാഴ്ച മാറ്റിയിരുന്നത്. എന്നാൽ അപകടം കനത്തതോടെ കൂടുതൽ കുടുംബങ്ങളെ കൂടി മാറ്റി താമസിപ്പിക്കുകയായിരുന്നു.നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനായി കുന്ന് കുത്തനെ ഇടിച്ചുനിരത്തിയ കുന്ന്യോറ മലയിൽ വൻതോതിൽ മണ്ണ് ഇടിയുന്നുണ്ട് .ബൈപ്പാസ് റോഡ് നിർമ്മിച്ച സ്ഥലത്തേക്കാണ് മണ്ണും കല്ലും ഇടിഞ്ഞു വീഴുന്നത്. ടാർ ചെയ്ത സ്ഥലമാണിത്. ഇവിടെയുള്ള എല്ലാ ഭിത്തി സംരക്ഷണ പ്രവർത്തനങ്ങളും ദേശീയപാതാധികൃതർ നിർത്തിവച്ചു. ക്രെയിനുകൾ ഉൾപ്പടെയുള്ള യന്ത്ര സംവിധാനങ്ങൾ എന്നിവയെല്ലാം അകലത്തേക്ക് മാറ്റി. ഇതുവഴിയുള്ള എല്ലാ തരത്തിലുള്ള ഗതാഗതവും അധികൃതർ തടഞ്ഞിരിക്കുകയാണ്.
മണ്ണിടിയുന്നത് കാണാൻ എത്തുന്നതിനും അപകട ഭീഷണി തുടർന്ന് നിയന്ത്രമുണ്ട്.മഴ കനത്താൽ കുറേ ഭാഗം കൂടി ഇടിയാൻ കാത്തു നിൽക്കുന്നുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലം കൂടി സർക്കാർ അടിയന്തരമായി ഇടപെട്ട് ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം ,ഇവിടെ 45 മീറ്ററിൽ ബൈപ്പാസ് റോഡ് നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും കുത്തനെ മണ്ണെടുത്തത് കാരണം വലിയതോതിലുള്ള അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.റോഡിൻറെ ഇരുഭാഗത്തും കുറെ കൂടി സ്ഥലം ഏറ്റെടുത്തു തട്ട് തട്ടായി തിരിച്ച് മണ്ണെടുത്തു മാറ്റിയാൽ മാറ്റിയാൽ അപകട ഭീഷണി കുറയും. സ്ഥലം ഏറ്റെടുത്താൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ഇവിടെ നിന്ന് ലഭിക്കുകയും ചെയ്യും.പലയിടത്തും റോഡിന് നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ലഭിക്കാത്ത പ്രശ്നമുണ്ട് കുത്തനെ ഇടിക്കുന്നതിനു പകരം ചെരിച്ച് മണ്ണ് എടുത്താൽ അപകട ഭീഷണി കുറയുമെന്നാണ് വിദഗ്ധർ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെടുന്നത്.