ഉരുൾപൊട്ടലിൽ നാശം വിതച്ച ചൂരൽമലയ്ക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ. മേഖലയിൽ കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ കപ്പാസിറ്റി വർധിപ്പിക്കുകയും 4ജി സേവനം ലഭ്യമാക്കിയതായും പൊതുമേഖലാ കമ്പനി അറിയിച്ചു. ചൂരൽമലയിൽ ആകെയുള്ള ടവർ ബിഎസ്എൻഎല്ലിന്റേതാണ്. ഇവിടെ വൈദ്യുതിയില്ലാത്തപ്പോഴും ടവർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡീസൽ ലഭ്യമാക്കി. ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ യുദ്ധകാല അടിസ്ഥാനത്തിൽ 4ജി യിലേക്ക് മാറ്റിയതായും ബിഎസ്എൻഎൽ അറിയിച്ചു.
സാധാരണ 4G സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂര പരിധിയിൽ സേവനം ലഭ്യമാക്കാൻ 700 മെഗാ ഹെർട്സ് ഫ്രീക്വൻസി തരംഗങ്ങൾ കൂടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോൾ-ഫ്രീ നമ്പറുകളും ജില്ലാ ഭരണ കൂടത്തിന് വേണ്ടി അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും ഇതിനകം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ടെന്നും ബിഎസ്എൻഎൽ അറിയിച്ചു.