കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിക്കാൻ നേതൃത്വം നൽകുന്നത് കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ. നടേരി ഒറ്റക്കണ്ടം അച്ചുതൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ചിതയൊരുക്കുന്നത്. മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിൻ്റെ ശ്മശാനത്തിലാണ് ചിതയൊരുക്കിയത്. കൊയിലാണ്ടി സേവാഭാരതിയുടെ കൈവശമുള്ള അഞ്ച് ശവ സംസ്കാര യൂണിറ്റുകൾ വയനാട്ടിൽ എത്തിച്ചിട്ടുണ്ട്.
അച്ചുതൻ്റെ നേതൃത്വത്തിൽ പത്ത് സന്നദ്ധ പ്രവർത്തകരാണ് രാപകൽ ഭേദമന്യേ മൃതദേഹങ്ങൾ സംസ്കരിച്ചു കൊണ്ടിരിക്കുന്നത്. ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം നേരെ ഈ ശ്മശാനത്തിലേക്കാണ് എത്തിക്കുന്നത്. ഹൈന്ദവ ആചാരപ്രകാരമാണ് ഇവിടെ സംസ്കാരം നടത്തുന്നത്. ശവ സംസ്കാരത്തിന് ആവശ്യമായ വിറകുകൾ, ഗ്യാസ് ഉപകരണങ്ങൾ എന്നിവയെല്ലാം സഹിതം ആണ് 5 യൂണിറ്റും വയനാട്ടിൽ എത്തിയത്. പ്രവർത്തകർക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും സഞ്ജമാണെന്ന് സേവാഭാരതി സെക്രട്ടറി കെ.എം രജി അറിയിച്ചു.
ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളോടും കൂടിയാണ് കർമ്മം ചെയ്യുന്നത്. കൂടാതെ ആംബുലൻസ് സേവനത്തിനായി രണ്ടു പേരും സേവനം ചെയ്യുന്നുണ്ട്. അവിടേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും നിത്യോപായാഗ സാധനങ്ങളും സമാഹരിക്കുന്നുണ്ട്. അച്ചുതൻ ഒറ്റക്കണ്ടം, പ്രശാന്ത് അണേല, അനൂപ് അരിക്കുളം ,സുനി തിരുവങ്ങൂർ, ശ്രീനിവാസൻ മുത്താമ്പി, സി.എബിൻ, കെ.എം.അരുൺ, അഭിഷേക്, പുരുഷോത്തമൻ (ഡ്രൈവർ)
ഷിജു. എൻ (ഡ്രൈവർ) എന്നിവരാണ് വയനാടിൽ പ്രവർത്തനം നടത്തുന്നത്.