വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ പിന്തുണയും ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഇതിനായി പൊതുവിതരണ വകുപ്പിലേയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം ക്യാമ്പുകളിലേയ്ക്ക് ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും വകുപ്പ് സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ
തിനായി വയനാട് ജില്ലയിലേയും സമീപ ജില്ലകളിലേയും സപ്ലൈകോ-ഭക്ഷ്യ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തണമെന്നും, ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നല്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ തന്നെ ജലവിഭവ വകുപ്പിൻ്റെ രണ്ടു വാഹനങ്ങൾ 20,000 ലിറ്റർ കുടിവെള്ളവുമായി ദുരന്തമേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.