പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്ന ചേമഞ്ചേരിയിലെ കാരളിക്കണ്ടി ഗംഗാധരൻ നായരുടെ രണ്ടാം ചരമദിനം ആചരിച്ചു. വിമുക്തഭടനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം ചേമഞ്ചേരി ഈസ്റ്റ്, കാഞ്ഞിലശ്ശേരി പ്രദേശങ്ങളിൽ സാമൂഹ്യ, സാംസ്ക്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ചേമഞ്ചേരിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മൂശാലികണ്ടി കേളപ്പൻ നായർക്ക് സമുചിതമായ ഒരു സ്മാരകം കാഞ്ഞിലശ്ശേരിയിൽ നിർമ്മിക്കുവാൻ നേതൃത്വം നൽകി. കാഞ്ഞിലശ്ശേരി കുട്ടൻ കണ്ടി റോഡ് അദ്ദേഹത്തിൻ്റെ ഒരു സ്വപ്ന പദ്ധതിയായിരുന്നു. കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ പീഠം മാറ്റി കലശം എന്ന അതിബൃഹത്തായ ചടങ്ങിന് നേതൃത്വം നൽകുകയും നിരവധി വർഷം ക്ഷേത്ര ക്ഷേമ സമിതിയുടെ പ്രസിഡൻ്റായി പ്രവർത്തിക്കുകയും ചെയ്തു. ചടങ്ങിൽ ചേമഞ്ചേരി സെൻ ലൈഫ് അശ്രമം ഡയറക്ടറും പ്രകൃതിജീവന പ്രചാരകനും യോഗാധ്യാപകനുമായ വി.കൃഷ്ണകുമാർ, കൃഷി ആസ്വദിച്ചു ചെയ്യുന്ന ജൈവകർഷകൻ മേലോത്ത് ഭാസ്ക്കരൻനായർ, നാടക, സിനിമാ രംഗത്തെ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വിനോദ് ചേമഞ്ചേരി എന്നിവരെ ആദരിച്ചു.
ചേമഞ്ചേരി ഈസ്റ്റ് യു.പി. സ്കൂളിലെ വായനാകുറിപ്പു തയ്യാറാക്കിയ തെരഞ്ഞെടുത്ത പത്തു കുട്ടികൾക്ക് ഉപഹാരം നൽകി. ഗംഗാധരൻ നായരുടെ ഛായാപടത്തിനുമുന്നിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ, ആദര യോഗം കെ.പി.സി.സി മെമ്പറും പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനുമായ സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവഹിച്ചു. ഡി.സി.സി.മെമ്പറും ഗ്രാമപഞ്ചായത്തംഗവുമായ വിജയൻ കണ്ണഞ്ചേരി ആദരഭാഷണം നടത്തി. കാർത്തി മേലോത്ത് ആശംസ അർപ്പിച്ചു. ഉപഹാരം സ്വീകരിച്ചവർ മറുമൊഴി നടത്തി. മാലതി കക്കാട്ട് സ്വാഗതവും സി.എം രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.