കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ ഓടുന്ന നവകേരള ബസ് എന്നറിയപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ പ്രീമിയം സര്‍വീസ് വീണ്ടും മുടങ്ങി. കയറാന്‍ യാത്രക്കാരില്ലാത്തതിനാൽ കടുത്ത പ്രതിസന്ധി നേരിടുന്ന നവകേരള ബസ് സര്‍വീസ് നിര്‍ത്തിയത് വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിയുള്ളതിനാലാണെന്നാണ് വിശദീകരണം. ഈ മാസം രണ്ടു ദിവസം ബുക്കിങ് ഇല്ലാത്തതിനാല്‍ സര്‍വീസ് റദ്ദാക്കേണ്ടി വന്ന ബസ് മറ്റ് മിക്ക ദിവസങ്ങളിലും കോഴിക്കോട് നിന്നും ബെംഗളൂരിലേക്ക് വിരലിണ്ണെവുന്ന യാത്രക്കാരുമായിട്ടാണ് സര്‍വീസ് നടത്തിയത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും വിരലിലെണ്ണാവുന്ന യാത്രക്കാരുമായി നഷ്ടക്കണക്കുമായിട്ടായിരുന്നു യാത്ര.കഴിഞ്ഞ ഒരാഴ്ചയോളമായി ബസ് സര്‍വീസ് നടത്തുന്നില്ല. നിലവില്‍ കോഴിക്കോട് റീജ്യണല്‍ വര്‍ക്ക് ഷോപ്പിലാണ് ബസുള്ളത്. അറ്റകുറ്റപ്പണിയുണ്ടെന്നാണ് വിശദീകരണം. ഈ മാസം ഒരു ദിവസം മാത്രമാണ് ചെറിയ ലാഭത്തിനെങ്കിലും ബസ് സര്‍വീസ് നടത്തിയത്. നഷ്ടത്തിലോടുന്നത് കൊണ്ടാണ് സര്‍വീസ് നിര്‍ത്തിയതെന്നാണ് വിവരം. രാവിലെ നാലരയ്ക്ക് കോഴിക്കോട് നിന്നും ഉച്ചയ്ക്ക് ശേഷം 2.30ന് തിരിച്ചുമായിരുന്നു സര്‍വീസ്.
1256 രൂപയാണ് ഓണ്‍ലൈനായി ബുക്ക് ചെയ്താലുള്ള നിരക്ക്. കൂടിയ നിരക്കും അശാസ്ത്രീയ സമയക്രമീകരണവുമാണ് ബസില്‍ ആളുകള്‍ കയറാതിരിക്കുന്നതിനുള്ള കാരണമായി ജിവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ബസ് ഇങ്ങനെ വെറുതേ കിടക്കുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സമയം മാറ്റണമെന്ന് കോഴിക്കോട് ഡിപ്പോ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോഴിക്കോട് റീജ്യണല്‍ വർക്ക് ഷോപ്പിലുള്ള ബസ് എന്ന് പുറത്തിറക്കും എന്ന കാര്യത്തിൽ ഒരു നിശ്ചയവും ഇല്ല.