ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് ബംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും.
എറണാകുളം ജങ്ഷൻ മുതല്‍ ബംഗളൂരു കന്റോണ്‍മെന്റ് വരെ ചെയര്‍കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1465 രൂപ, എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2945 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 620 കിലോമീറ്റര്‍ ദൂരം 9 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബംഗളൂരുവിലെത്തും. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 26 വരെയാണ് നിലവില്‍ സര്‍വീസ്. ട്രെയിന്‍ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.