നിബന്ധനകൾ കൃത്യമായി പാലിക്കാത്തതിനാൽ പല പദ്ധതികളിലെയും വിഹിതം കേരളത്തിന് ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്രപദ്ധതികൾ നേടിയെടുക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ കേന്ദ്രബഡ്ജറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല സമിതിയിലാണ് ഇക്കാര്യം ചർച്ചയായത്.
സംസ്ഥാനത്തിന്റെ വീഴ്ച മൂലം കേന്ദ്രപദ്ധതികൾ നഷ്ടപ്പെടുകയോ, കിട്ടാൻ വൈകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകി. സംസ്ഥാന താൽപര്യം സംരക്ഷിക്കുന്നതിന് സമയബന്ധിതമായി കൃത്യമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി കൃത്യമായ നിർദ്ദേശം നൽകി. കിട്ടാൻ സാധ്യതയുള്ള കേന്ദ്രപദ്ധതികൾ ലിസ്റ്റ് ചെയ്യും. ഓരോ വകുപ്പിനും നേടിയെടുക്കാൻ കഴിയുന്നവ പ്രത്യേകം തയ്യാറാക്കി അതിനുള്ള വ്യവസ്ഥകൾ പാലിച്ച് യഥാസമയം അപേക്ഷിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും ഗവ.സെക്രട്ടറിമാരെ ചുമതലപ്പെടുത്തും തുടങ്ങിയ കാര്യങ്ങളിൽ ഉന്നത തല സമിതി തീരുമാനമെടുത്തു.