ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കുള്ള കായിമത്സര വേദിയായ സ്പെഷ്യൽ ഒളിമ്പിക്സിന്റെ ഭാഗമായുള്ള സംസ്ഥാന അത്‌ലറ്റിക് മീറ്റ് കോഴിക്കോട് നടത്താൻ തീരുമാനിച്ചു.
നവംബർ 1 മുതൽ 3 വരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ട്, ദേവഗിരി കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സ്പെഷ്യൽ ഒളിമ്പിക്സ് സംസ്ഥാന മീറ്റ് നടക്കുക. മലബാറിൽ ആദ്യമായാണ് മീറ്റ് നടക്കുന്നത്.
കുട്ടികളുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2 ഗ്രൂപ്പുകളായും തിരിച്ചാണ് മത്സരങ്ങൾ നടത്തുക. കേരളത്തിലെ 400 ഓളം വരുന്ന സ്പെഷ്യൽ, ബഡ്സ് സ്കൂളുകളിൽ നിന്നും പൊതുവിദ്യാലയങ്ങളിൽ നിന്നും
5000 വിദ്യാർത്ഥികളും രക്ഷിതാക്കൾ, അധ്യാപകർ, കോച്ചുമാർ, വളണ്ടിയർമാർ, ഒഫീഷ്യൽസ് എന്നിവർ ഉൾപ്പെടെ 7000 പേരാണ് പരിപാടിയിൽ പങ്കെടുക്കുക.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ കായികപരിശീലനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും ശാക്തീകരിക്കുക എന്നതാണ് മീറ്റിന്റെ ലക്ഷ്യം.
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ കായിക ഫെഡറേഷനായ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരതിന്റെ (എസ്ഒബി) സംസ്ഥാന ഘടകമായ സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരള (എസ്ഒബി-കേരള) ആണ് മുഖ്യസംഘാടകർ.
2018 ൽ തിരുവനന്തപുരത്ത് നടന്ന സ്പെഷ്യൽ ഒളിംപിക്സിന് ശേഷം കേരളത്തിൽ സംസ്ഥാനതല മത്സരം നടന്നിരുന്നില്ല.
മീറ്റ് കുറ്റമറ്റരീതിയിൽ സംഘടിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. യോഗത്തിൽ 1001 അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു. മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ആർ ബിന്ദു, വി അബ്ദുറഹ്മാൻ എന്നിവർ മുഖ്യരക്ഷധികാരികളാണ്. കോഴിക്കോട് മേയർ ചെയർപേഴ്സണും ഡോ. എം കെ ജയരാജ് (പ്രസിഡന്റ്, എസ്ഒബി-കേരള) ജനറൽ കൺവീനറുമാണ്.
സംഘാടകസമിതി രൂപീകരണ യോഗം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ അധ്യക്ഷത വഹിച്ചു. എസ്ഒബി ഏരിയ ഡയറക്ടർ ഫാദർ റോയ് കണ്ണഞ്ചിറ, ഡോ. എം കെ ജയരാജ്, സിനിൽ ദാസ്, ടി പി ദാസൻ, ടി സി രാജൻ, ടി ദിവാകരൻ, കെ സി ശോഭിത, ഡോ. റോഷൻ ബിജിലി, ഡോ. കെ മൊയ്തു, എ കെ അബ്ദുൽ ഹക്കീം, പി ടി ആസാദ്, സുനിൽ സിംഗ് തുടങ്ങിയവർ സംസാരിച്ചു.