ബാങ്കുകള്‍ വഴിയും ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും പണം കൈമാറ്റം ചെയ്യുമ്പോള്‍ നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെ.വൈ.സി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തമെന്ന് റിസര്‍വ് ബാങ്ക്. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ അടക്കം പണം കൈമാറ്റത്തിന് പലവിധ സൗകര്യങ്ങള്‍ നിലവില്‍ വന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ തീരുമാനം. ഇതുസംബന്ധിച്ച് ആര്‍.ബി.ഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. ഏത് ബാങ്കിലാണോ പണമടയ്ക്കുന്നത് ആ ബാങ്ക് പണം സ്വീകരിക്കുന്ന ആളുടെയും അയക്കുന്ന ആളുടെയും പേരും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സൂക്ഷിക്കണമെന്നതാണ് ആര്‍.ബി.ഐയുടെ പ്രധാന നിര്‍ദേശം. ഓരോ ഇടപാടുകളും അധിക സുരക്ഷാ സംവിധാനം ഉപയോഗിച്ച് (ഒ.ടി.പി പോലുള്ള സംവിധാനം) ഉറപ്പാക്കുകയും വേണം. നേരത്തേ ബാങ്കില്‍ നേരിട്ടെത്തി അക്കൗണ്ട് ഇല്ലാത്തവര്‍ക്കും 5000 രൂപ വരെ അയക്കാമായിരുന്നു. മാസം പരമാവധി 25000 രൂപ വരെയായിരുന്നു ഇത്തരത്തില്‍ അയക്കാനാകുക. എന്നാല്‍, പുതിയ ചട്ടമനുസരിച്ച് ബാങ്കുകളും പണമയക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരും പണമയക്കുന്നയാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
ഒ.ടി.പി വഴി സ്ഥിരീകരിക്കുന്ന മൊബൈല്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ അംഗീകൃത ഔദ്യോഗിക രേഖയും ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടത്. മാത്രമല്ല എന്‍.ഇ.എഫ്.ടി-ഐ.എം.പി.എസ് ഇടപാട് സന്ദേശങ്ങളില്‍ പണം അയക്കുന്ന ആളുകളുടെ വിവരങ്ങള്‍ ബാങ്കുകള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.