വായനയുടെ വഴിയിലൂടെ ഇമ്മിണി ബല്യ പുസ്തകത്തിലേക്ക് ചുവട് വച്ച് പന്തലായനി ഗവ. എച്ച് എസ്.എസ്. വായന മാസാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 ന് ആരംഭിച്ച വ്യത്യസ്തമായ പരിപാടികൾ ആസ്വാദനക്കുറിപ്പുകളുടെ വിശാല പതിപ്പായ ” മ്മടെ ഇമ്മിണി ബല്യ പുസ്തക “ത്തിൻ്റെ പ്രകാശനത്തോടെ പരിസമാപിക്കുമ്പോൾ സ്കൂൾ ലൈബ്രറിയുടെ എഴുത്തു കൂട്ടം വിശാലമായ വായനാ ലോകത്തിൻ്റെ പ്രതീകമായി വലിയ പുസ്തകം തീർത്ത് അത്ഭുതക്കാഴ്ച ഒരുക്കിയിരിക്കുകയാണ്. സാങ്കേതികതയുടെ കുത്തൊഴുക്കിൽ അമരാതെ വായനയുടെയും ആസ്വാദനത്തിന്റെയും വിശാലതയിലേക്ക് തുറന്നിട്ട വാതായനം ആവുകയാണ് ഈ പുസ്തകം.
പന്തലായിനി എച്ച് . എസ് . എസിൽ ജൂൺ 19 വായനാദിനത്തിൽ അക്ഷരയാനം പരിപാടിക്ക് തുടക്കം കുറിച്ചു. അയൽ വിദ്യാലയത്തിലെ ബാല്യങ്ങളെ ചേർത്തുപിടിച്ച് കൊട്ടും പുലികളിയുമായി അവിടെയെത്തി. ബഷീറിൻറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. നാടകവും നൃത്താവിഷ്കാരവും പുസ്തക ചർച്ചകളും കവിയരങ്ങുകളുമായി കുട്ടികളുടെ മനം കവർന്നു. ആനുകാലിക അറിവിലേക്ക് കുട്ടികളെ വഴി നടത്താൻ മാതൃഭൂമിയുമായി സഹകരിച്ച് മധുരം മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചു.
അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്, താല്പര്യങ്ങളെ കണ്ടറിഞ്ഞ് വളർത്തുന്നതിന് സാഹിത്യക്വിസ്, പോസ്റ്റർ രചന, ഡിജിറ്റൽ വീഡിയോ മേക്കിങ് എന്നീ മത്സരങ്ങൾ നടത്തി. വ്യത്യസ്ത ഭാഷാശൈലിയിൽ വായനക്കാരുടെ മനസ്സ് കീഴടക്കിയ ബേപ്പൂരിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് ജൂലൈ അഞ്ചിന് വിവിധ പരിപാടികൾ നടത്തി. ഹോം റേഡിയോ എന്ന സങ്കൽപ്പത്തിന് ഉന്മ തീർത്തു മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പുസ്തകാസ്വാദരം ദിവസേന രാവിലെ മൈക്കിലൂടെ കുട്ടികളിൽ എത്തിച്ചുവിവിധ ക്ലബ്ബുകൾ വർണ്ണശബളമായുള്ള പരിപാടികൾ നടത്തി.
പുസ്തകങ്ങളെ ചേർത്തുപിടിക്കാൻ സ്കൂൾ ലൈബ്രറി പുസ്തകത്തിൻറെ നിധി ശേഖരമാക്കാൻ ലൈബ്രറി വികസനത്തിനായി കുട്ടികളുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ ലൈബ്രറിക്ക് സമ്മാനമായി നൽകുന്നതിന് ബർത്ത് ഡേ ബ്ലിസ്, പുസ്തകം മധുരം പദ്ധതി തുടങ്ങി. ലൈബ്രറി ഇൻ ചാർജ് രോഷ്നിയുടെയും വിദ്യാരംഗം കൺവീനർ ശ്രീനയുടെയും നേതൃത്വത്തിലാണ് ഒരു മാസക്കാലത്തെ പരിപാടികൾ നടന്നത്. കുട്ടികളുടെ സർഗ്ഗ ശേഷിയെ തേച്ച് മിനുക്കി ആസ്വാദനക്കുറിപ്പുകളുടെ സമാഹാരം മ്മടെ ഇമ്മിണി ബല്യ പുസ്തകം വായന മാസാചരണ പരിപാടിയുടെ സമാപനത്തിൽ മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ പ്രകാശനം ചെയ്തു. സിപി സഫിയ ഹെഡ്മിസ്ട്രസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എ .പി. പ്രബീത്, എം പി ടി എ പ്രസിഡണ്ട് ജെസ്സി. സ്റ്റാഫ് സെക്രട്ടറി സി.വി.ബാജിത് എൻ.പി. വിനോദ്, റീന , ശ്രുതി എന്നിവർ സംസാരിച്ചു.