കൊയിലാണ്ടി: രാമായണം ഇന്നും ശക്തമായ സ്വാധീനം ചെലുത്തുന്ന ഇതിഹാസമായി നിലകൊള്ളുന്നത് തന്റെ മനസ്സിലെ സങ്കൽപ്പങ്ങളെ ശാസ്ത്രബോധത്തോടെ ആവിഷ്കരിക്കാൻ വാല്മീകിക്ക് കഴിഞ്ഞതുകൊണ്ടാണെന്ന് കവി കാവാലം ശശികുമാർ പറഞ്ഞു. കൊല്ലം നഗരേശ്വരം ക്ഷേത്ര പരിപാലന സമിതിയും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി നടത്തുന്ന രാമായണസത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രത്തിനു വളരണമെങ്കിൽ സങ്കൽപം വേണം. ഇല്ലാത്ത ഒന്നിനെ ഭാവനയിൽ കാണുന്ന സങ്കൽപവും അതിനെ സാർഥകമാക്കുന്ന ശാസ്ത്രബോധവും ചേരുമ്പോൾ ആണ് ജീവിത നേട്ടങ്ങൾ കൈവരിക്കാനാവുക. നിരന്തര വായനയിലൂടെ ഇത് ശക്തമായി വളരും. വേണ്ടതിനെ സ്വീകരിച്ചു വേണ്ടാത്തതിനെ ഉപേക്ഷിക്കുന്നതിനു പ്രാപ്തരാക്കുന്നവരാണ് ഗുരുക്കന്മാർ എന്നും രാമായണ പാരായണത്തിലൂടെ ഒരു ഗ്രന്ഥം ഗുരുസ്ഥാനീയമാകുന്ന അനുഭവമാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് 27 വരെയാണ് രാമായണ വിചാരസത്രം.
ഭാരതീയ വിചാരകേന്ദ്രം ഉത്തര മേഖല സെക്രട്ടറി പി. ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. നഗരേശ്വരം ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി രവീന്ദ്രൻ, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. മുണ്ടക്കൽ ദേവി അമ്മയെ ആദരിച്ചു. രാമായണ പ്രശ്നോത്തരിക്ക് രാധാകൃഷ്ണൻ നേതൃത്വം നൽകി. രാമൻ കീഴന , ബ്രഹ്മശ്രീ സുമേധാമൃത ചൈതന്യ, ഡോ. ഒ. വാസവൻ എന്നിവർ പ്രഭാഷണം നടത്തി.