സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫിസർ പി.എം. ജോസഫ് സജു അറിയിച്ചു. വ്യാജ പ്രചാരണം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരുവര്‍ഷം മുമ്പ് വിഡിയോ ശ്രദ്ധയില്‍പെട്ടപ്പോൾ സപ്ലൈകോ വിശദീകരണം നല്‍കിയിരുന്നെങ്കിലും വീണ്ടും പല സമൂഹമാധ്യമങ്ങളിലും ഇത് പ്രചരിക്കുന്ന സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് കോര്‍പറേഷന്‍ വിജിലൻസ് വിങ് ഫ്ലയിങ് സ്ക്വാഡ് ഓഫിസർ എൻ.പി. രാജേഷ് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊട്ടിച്ച് ഉപയോഗിച്ചശേഷം പാക്കറ്റില്‍ ബാക്കിയായി സൂക്ഷിച്ചിരുന്ന ആട്ട അരിച്ചെടുത്ത് അതില്‍ പുഴുക്കളെ കണ്ടെത്തിയതായാണ് വിഡിയോയിൽ ആരോപിക്കുന്നത്.
സപ്ലൈകോ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗം ഇതേ ബാച്ചില്‍പെട്ട ആട്ട പാക്കറ്റുകള്‍ പരിശോധിക്കുകയും ഗുണനിലവാരത്തില്‍ തെല്ലും കുറവില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.