മൂടാടി, തിക്കോടി,പയ്യോളി, മൂരാട് പ്രദേശങ്ങളിലെ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉയർന്നുവന്ന വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ജില്ലാ കലക്ടർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി തടസ്സപ്പെട്ട കൾവർട്ടുകൾ പുനസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കും . എൻ എച്ച് എ ഐ യുടെയും എൽ എസ് ജി ഡി യുടെയും കരാർ കമ്പനിയുടെയും എൻജിനീയർമാർ കൂടിയാലോചിച്ച് കൾവർട്ടുകളുടെയും ഡ്രൈനേജിന്റെയും പ്രവർത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം നടപ്പിലാക്കാൻ തീരുമാനിച്ചു. ആഴ്ചയിൽ ഒരു ദിവസം എൽഎസ്ജിഡി എൻജിനീയർമാരും എൻഎച്ച്എഐ എൻജിനീയമാരും അവലോകനം നടത്താനും തീരുമാനമായി. തിരുവങ്ങൂർ മുതൽ മൂരാട് പാലം വരെയുള്ള സർവീസ് റോഡിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കും . നന്തി വഗാഡ് ക്യാമ്പിലെ മാലിന്യ പ്രശ്നം പൊലൂഷൻ കൺട്രോൾ ബോർഡ് നിർദ്ദേശിച്ച പ്രകാരം മുഴുവൻ കാര്യങ്ങളും ജൂലൈ 31നകം നടപ്പിലാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടു. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഉടൻ ചെയ്യണമെന്നും തീരുമാനിച്ചു . സർവീസ് റോഡുകൾ ടൂ വേ ആയിരിക്കുമെന്ന് കലക്ടർ ഉറപ്പു നൽകി . ഡ്രെയിനേജുകളിൽ നിന്നും മഴവെള്ളം ഒഴുക്കുന്നതിന് ജനങ്ങളുടെ സഹകരണം കലക്ടർ അഭ്യർത്ഥിച്ചു . വൈകിട്ട് നഗരസഭ കാര്യാലയത്തിൽ വെച്ച് , എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ , പയ്യോളി നഗരസഭ ചെയർമാൻ , മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് , തിക്കോടി , മൂടാടി പഞ്ചായത്ത് പ്രസിഡണ്ടുമാർ , ഡപ്യൂട്ടി കലക്ടർ , തഹസിൽദാർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു .