പാർക്കിംഗ് സൌകര്യമില്ലാതെ കൊയിലാണ്ടി വീർപ്പുമുട്ടുന്നു. കൊയിലാണ്ടി പട്ടണത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൃത്യമായ സ്ഥലമില്ലാത്തത് ജനങ്ങളെ ദുരിതത്തിൽ ആക്കുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കൊയിലാണ്ടി പട്ടണത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യക്കാഴ്ചയായി മാറുകയാണ്. കൃത്യമായ പേപാർക്കിംഗ് ഇല്ലാത്തതിനാൽ വാഹനങ്ങൾ മോഷണം പോകുന്നതും പതിവായിട്ടുണ്ട്. നിലവിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് പണം കൊടുത്ത് പാർക്കിംഗ് ഒരുക്കിയിട്ടുള്ളത്. എന്നാൽ സ്ഥലപരിമിതികൾ ഉള്ളതിനാൽ റെയിൽവേ സ്റ്റേഷനിലും പാർക്കിംഗ് സൗകര്യം കുറഞ്ഞുവരികയാണ്.
റെയിൽവേ സ്റ്റേഷന്റെ പരിസരത്തുള്ള റോഡിൻ്റെ ഇരുവശങ്ങളിലും വീടുകളുടെ മുൻവശങ്ങളിലും പുലർച്ചെ സമയങ്ങളിൽ തന്നെ ഒരുപാട് വാഹനങ്ങൾ പാർക്ക് ചെയ്ത് പലരും പോകുന്നുണ്ട്. ദീർഘദൂര യാത്രക്കാരും ഓഫീസുകളിൽ ജോലിക്ക് പോകുന്നവരുമാണ് കാലത്ത് തന്നെ പല സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നതിനു മുമ്പേ തന്നെ വാഹനങ്ങൾ കടകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മുന്നിൽ പാർക്ക് ചെയ്ത് കടന്നുകളയുന്നത്. ഇതിൻ്റെ പേരിൽ പലയിടങ്ങളിലും വ്യാപാരികളും ജനങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികളും നഗരസഭയും കൈകോർത്തുകൊണ്ട് കൊയിലാണ്ടിയിലെ വാഹന പാർക്കിങ്ങിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തും എന്ന് നമുക്ക് പ്രത്യാശിക്കാം.