സംസ്ഥാനത്തെ കെട്ടിട നിർമ്മാണ ഫീസ് വർധനവിൽ ഇളവുമായി സർക്കാർ. 60 ശതമാനം വരെ കുറയും. തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്‌തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞ വർഷം സർക്കാർ ഒഴിവാക്കിയിരുന്നു. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനത്തോളം കുറയുമെന്നതാണ് പ്രത്യേകത. പുതിയ നിരക്കുകൾ ആഗസ്‌റ്റ് 1 മുതൽ നിലവിൽ വരുമെന്ന് മന്ത്രി എംബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായാണ് കുറയ്ക്കുക. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയും. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായും കുറയും. അതേസമയം, 2023 ഏപ്രിൽ1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിസ്‌തീർണത്തിനും ഒരേ നിരക്കായിരുന്നു. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്‌തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്‌ത നിരക്ക് ഏർപ്പെടുത്തുകയായിരുന്നു.