കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാത്തതിൽ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളവും പ്രതിപക്ഷ മെമ്പർമാരുടെ വാകൗട്ടും പ്രതിഷേധ പ്രകടനവും നടത്തി. ഇന്നലെ നടന്ന കീഴരിയൂർ പഞ്ചായത്ത് ഭരണ സമതി യോഗത്തിലാണ് പ്രതിഷേധരംഗങ്ങൾ അരങ്ങേറിയത്. ആറു വർഷമായി അടച്ചിട്ടിരിക്കുന്ന കീഴരിയൂർ ബോംബു കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്നുകൊടുക്കാത്തത് എന്തുകൊണ്ടാണെന്ന കോൺഗ്രസ് പഞ്ചായത്ത് അംഗം ഇ.എം.മോനോജിൻ്റെ അജണ്ടയിൽ ഉന്നയിച്ച ചോദ്യമാണ് ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചതും ബഹളത്തിന് കാരണമാവുകയും ചെയ്തത്.
ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാളിൽ ടോയ് ലറ്റ് പണിയണമെന്നും ഫണ്ട് ലഭ്യമാവുന്ന മുറക്ക് അതിൻ്റെ നിർമാണ പ്രവർത്തി പൂർത്തിയാക്കിയാൽ മാത്രമേ കമ്യൂണിറ്റി ഹാൾ തുറന്നുകൊടുക്കകയുള്ളൂ എന്ന പഞ്ചായത്ത് പ്രസിഡൻറ് കെ.കെ.നിർമലയുടെ മറുപടി പ്രതിപക്ഷാംഗങ്ങളെ പ്രകോപിതരാക്കുകയായിരുന്നു. ആറു വർഷമായിട്ടും പഞ്ചായത്ത് ടോയ് ലറ്റ് പണിയാഞ്ഞത് എന്തുകൊണ്ടാണെന്നും ഫണ്ട് ഇല്ലെങ്കിൽ ടോയ് ലറ്റ് നിർമാണത്തിന് ജനകീയ സമാഹരണത്തിലൂടെ ഫണ്ടു ഉണ്ടാക്കി തരാമെന്ന പ്രതിപക്ഷ നേതാവ് കെ.സി. രാജൻ്റ ഭരണ സമിതി യോഗത്തിലെ നിർദ്ദേശത്തെ അവഗണിച്ചതോടെ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് ഇറങ്ങി പോക്ക് നടത്തുകയായിരുന്നു.
തുടർന്ന് കീഴരിയൂർ സെൻ്ററിൽ നടന്ന പ്രകടനത്തിനു ശേഷം പഞ്ചായത്ത് ഓഫിസിനു മുൻപിൽ നടന്ന പ്രതിഷേധ യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ.സി.രാജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിസ്റ് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഇ.എം.മനോജ്, കുറ്റ്യോയത്തിൽ ഗോപാലൻ, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കറുമയിൽ, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം കെ.കെ.സത്താർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഇടത്തിൽ രാമചന്ദ്രൻ ജി.പി.പ്രീജിത്ത്, ലീഗ് പഞ്ചായത്ത് ട്രഷറർ ടി.എ.സലാം, യുഡിഎഫ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ഒ.കെ.കുമാരൻ, കെ.എം.വേലായുധൻ പി.കെ.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.