ദേശീയ അധ്യാപകപരിഷത്ത് കൊയിലാണ്ടി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ അരിക്കുളം എം ശ്രീഹർഷൻ മാസ്റ്ററെ ആദരിച്ചു. കഥാകൃത്ത്, ചിത്രകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച ശ്രീഹർഷൻ മാസ്റ്റർ സംസ്ഥാന പാഠപുസ്തക സമിതി അംഗം, കോഴിക്കോട് ഡയറ്റ് പ്രോഗ്രാം ഉപദേശക സമിതി അംഗം , സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ,സർവ ശിക്ഷ അഭിയാൻ തുടങ്ങിയവയുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
നമ്പ്രത്തുകര യുപി സ്കൂളിൽ നിന്ന് പ്രധാനധ്യാപകനായി വിരമിച്ച ഇദ്ദേഹം 20 വർഷം തപസ്യ കലാ-സാഹിത്യ വേദിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ ഗോകർണം വരെ നടത്തിയ സാംസ്കാരിക തീർത്ഥയാത്രയുടെ പ്രധാന സംഘാടകനായിരുന്നു.
ഗുരു പൂർണിമ ദിനത്തിൽ സംസ്ഥാന വ്യാപകമായി എൻ ടി യു വിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ സബ് ജില്ലാ പ്രസിഡന്റ് ശ്രീമതി എൻ ബിന്ദു ടീച്ചർ ഹർഷൻ മാസ്റ്ററെ പൊന്നാടയണിയിച്ചു. സെക്രട്ടറി ശ്രീ മിഥുൻ ലാൽ മാസ്റ്റർ ഉപഹാരം കൈമാറി. വൈ.പ്രസിഡന്റ് എം കെ രൂപേഷ് മാസ്റ്റർ, ജോ.സെക്രട്ടറി കെ പ്രജിത്ത് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.