കേരളത്തിൽ നിപ സ്ഥിരീകരിച്ചതിന്റെ ഭാഗമായി കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കർശന പരിശോധന ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ച സാഹചര്യത്തിൽ പാലക്കാട്, വാളയാർ അതിർത്തിയലാണ് പരിശോധന ശക്തമാക്കിയത്. ശരീര താപനിലയടക്കമുള്ള പരിശോധനകൾ നടത്തിയശേഷമെ വാഹനങ്ങൾ കടത്തിവിടുകയുള്ളു.
അതേസമയം മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പ് പ്രകാരം, ആ സമയങ്ങളിൽ സ്ഥലത്തുണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്‍റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്.