നിപ: 13 പേരുടെ സാംപിള്‍ പരിശോധനാഫലം ഇന്നുച്ചയോടെ; സമ്പര്‍ക്കപ്പട്ടികയില്‍ 350 പേര്‍; ആറ് പേര്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം ഇന്ന് (തിങ്കള്‍) ഉച്ചയോടെ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒമ്പത് സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവുമാണ് ഇന്ന് പുറത്തുവരാനുള്ളത്. ഇതില്‍ ആറുപേര്‍ക്കാണ് രോഗലക്ഷണങ്ങളുള്ളത്. മൂന്നുപേര്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ്. നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സമ്പര്‍ക്കപ്പട്ടികയില്‍ പാലക്കാട്ടുള്ള രണ്ടുപേരും തിരുവനന്തപുരത്തുകാരായ നാല് പേരും ഉള്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട്ടുള്ള രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ പെരിന്തല്‍മണ്ണയില്‍ ചികിത്സക്കെത്തിയവരുമാണ്. തിരുവനന്തപുരത്ത് ഐസൊലേഷനില്‍ കഴിയുന്നവരുടെ സാംപിളുകളാണ് തോന്നയ്ക്കലില്‍ പരിശോധിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലും രണ്ടു പേര്‍ സക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുമാണുള്ളത്. നിലവില്‍ ആകെ 350 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടും. സമ്പര്‍ക്കപ്പട്ടികയിലുള്ള 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു. രോഗബാധിതനായ ശേഷം കുട്ടി സഞ്ചരിച്ച സ്വകാര്യബസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ബസിലെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക കണ്ടെത്തിവരികയാണ്.

നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പില്‍ നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില്‍ വൈറസിന്റെ ഉറവിടം ഇതാകാനാണ് സാധ്യത. മറ്റ് പരിശോധനകള്‍ നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാവൂ. വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നെത്തും. ഐ.സി.എം.ആര്‍ സംഘം ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്ന് ഉച്ചയോടെ അവര്‍ ജില്ലയിലെത്തും.

വവ്വാലുകളുടെ ശരീരത്തിലുള്ള നിപ വകഭേദവും മനുഷ്യരില്‍ കണ്ടെത്തിയ വകഭേദവും ഒന്നാണെന്ന് കണ്ടെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പഴങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആറിന്റെ സഹകരണത്തോടെ തുടരുന്നതായും മന്ത്രി അറിയിച്ചു.

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളില്‍ മാത്രമേ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗം പടരാതെ തടയാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രോട്ടോക്കോള്‍ പ്രകാരം 21 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പര്‍ക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണ് കര്‍ശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു.

പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ പനിബാധിതരെ കണ്ടെത്തുന്നതിന് 224 ഫീവര്‍ സര്‍വയലന്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വീടുവീടാന്തരം കയറി പരിശോധന തുടരുകയാണ്. ആനക്കയത്ത് 80 ഉം പാണ്ടിക്കാട് 144 ഉം സംഘങ്ങളാണ് ഫീല്‍ഡിലുള്ളത്. വളര്‍ത്തുമൃഗങ്ങളിലെ രോഗം നിരീക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സര്‍വയലന്‍സ് സംഘവും ഫീല്‍ഡ് പരിശോധന നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ഇവര്‍ ശേഖരിക്കുന്നുണ്ട്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിന് കൗണ്‍സലിങ് നല്‍കും. പ്രത്യേക ക്ലാസ് പി.ടി.എകള്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത് കൗണ്‍ലിങ് നടത്താന്‍ വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് (തിങ്കള്‍) നടക്കുന്ന പ്ലസ് വണ്‍ അലോട്ടമെന്റ് നടപടികള്‍ പൂര്‍ണമായും പ്രോട്ടോക്കോള്‍ പാലിച്ചാണ് ഉറപ്പുവരുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ യോഗം ഓണ്‍ലൈനായി ചേരുന്നുണ്ട്.

ഇന്ന് (തിങ്കള്‍) രാവിലെ 9 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്തില്‍ അവലോകന യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഓഫ്‌ലൈനായും യോഗത്തില്‍ പങ്കെടുത്തു. വൈകീട്ട് 5 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടു യോഗം ചേരും.

Leave a Reply

Your email address will not be published.

Previous Story

മേപ്പയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അനുഷാന്തിനെയും അനുശ്രീയെയും അനുമോദിച്ചു

Next Story

ചേമഞ്ചേരി തുവ്വക്കോട് മലയിൽപത്മനാഭൻ നായർ ന്യൂ മാഹി അന്തരിച്ചു

Latest from Main News

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും

2026 ഓടെ നവകേരളം ലക്ഷ്യം -മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്