നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് കുന്ന്യോറമലയില്‍ മണ്ണിടിച്ച സ്ഥലത്തെ അപകടാവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയരക്ടര്‍ അശുതോഷ് സിന്ഹയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു.ബൈപ്പാസ് നിര്‍മ്മാണത്തിനായി കുന്ന് തുരന്നെടുത്ത കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ അപകട ഭീഷണിയിലാണ്.മണ്ണിടിച്ചില്‍ തടയാനായി സോയില്‍ നെയിലിങ് ചെയ്തു മണ്‍ ഭിത്തി ഉറപ്പിക്കുന്ന പ്രവര്‍ത്തനം ഇവിടെ നടന്നിരുന്നു. എന്നാല്‍ ചില വീടുകള്‍ക്ക് വിളളല്‍ ഉണ്ടായിട്ടുണെന്ന പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ സംഘം ഇവിടെ സന്ദര്‍ശനം നടത്തിയത്.മുക്കാളിയില്‍ സോയില്‍ നെയിലിങ് ചെയ്ത മണ്‍ ഭിത്തി കഴിഞ്ഞ ആഴ്ച പൂര്‍ണ്ണമായി ഇടിഞ്ഞു വീണിരുന്നു. അതു കൊണ്ട് തന്നെ ഈ രീതി കുന്ന്യോറമലയിലും നടപ്പാക്കരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം.നാട്ടുകാരുടെ ആശങ്ക ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍.ജയ്കിഷ് പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായാണ് എന്‍.എച്ച്.എ .ഐ .പ്രൊജക്റ്റ് ഡയറക്റ്റര്‍ അശുതോഷ് സിന്‍ഹയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അപകട സാധ്യതയുള്ള വീടുകള്‍ സന്ദര്‍ശിച്ചതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.ബി ജെ പി കൊയിലാണ്ടി മണ്ഡലം ജന സെക്രട്ടറി അഡ്വ.എ.വി.നിധിന്‍,കര്‍ഷക മോര്‍ച്ച മണ്ഡലം ജന :സെക്രട്ടറി ടി.എം.രവിന്ദ്രന്‍ എന്നിവര്‍ പ്രദേശവാസികളുടെ ആശങ്ക എന്‍.എച്ച്.എ ഐ. ഉദ്യേഗസ്ഥരെ ബോധ്യപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയില്‍ രണ്ട് മൂന്ന് വട്ടം ഇവിടെ കുന്നിടിഞ്ഞിരിന്നു. തുടര്‍ന്ന് ഏതാനും കുടുംബങ്ങളെ റവന്യു അധികൃതര്‍ ഇടപെട്ട് മാറ്റി താമസിപ്പിച്ചതാണ്. 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മാണത്തിനായി വളരെ കുത്തനെയാണ് ഇവിടെ കുന്നിടിച്ചു മണ്ണെടുത്ത് മാറ്റിയത്. 15 മുതല്‍ 30 മീറ്റര്‍ വരെ താഴ്ചയിലാണ് ഇവിടെ കുന്നിടിച്ചത്.വടകര മുക്കാളിയില്‍ പരാജയപ്പെട്ട സോയില്‍ നെയ്‌ലിങ് രീതി പ്രായോഗികമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ദേശീയ പാത പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്ന കണ്‍സള്‍ട്ടന്‍സിയുടെ ടീം ലീഡര്‍ മുഹമ്മദ് ഷബാസും കഴിഞ്ഞ ആഴ്ച കുന്ന്യോറമലയിലെത്തി പരിശോധന നടത്തിയിരുന്നു. ഉറപ്പില്ലാത്ത ഒരു തരം ചേടി മണ്ണായതിനാല്‍ ഭിത്തി ഉറപ്പിക്കാന്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം കുന്ന്യോറ മലയിലും അവലംബിക്കേണ്ടി വരും.മാത്രവുമല്ല റോഡ് നിര്‍മ്മാണത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചാണ് കുന്ന്യോറ മലയില്‍ ജോലി ചെയ്യുന്നത്. മഴ കനത്താല്‍ ഏത് നിമിഷവും മണ്ണെടുത്ത് മാറ്റിയ സ്ഥലം ഇടിയാന്‍ സാധ്യതയുണ്ട്.