സംസ്ഥാനത്ത് ഇന്നും വിമാനങ്ങൾ റദ്ദാക്കി. 11 വിമാനങ്ങളാണ് റദ്ദാക്കിയത്. മൈക്രാ സോഫ്റ്റ് വിൻഡോസിൽ ഉണ്ടായ സാങ്കേതിക തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെ തുടർന്നാണ് ഇന്നും വിമാനങ്ങൾ റദ്ദാക്കിയത്. മൈക്രോ സോഫ്റ്റിലെ തകരാർ ഏറ്റവും കൂടുതൽ ബാധിച്ചത് വ്യോമയാന മേഖലയെയാണ്.
നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളുമാണ് ഇൻഡിഗോ റദ്ദാക്കിയത്. മുംബൈ, ബംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
അടുത്തിടെ മൈക്രോസോഫ്റ്റ് ക്രൗഡ്സ്ട്രൈക്ക് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതാണ് വിൻഡോസ് പണിമുടക്കാൻ കാരണമായത്. കമ്പ്യൂട്ടറുകൾ താനെ ഷട്ട് ഡൗൺ ആയതോടെ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടു. ഇതേ തുടർന്ന് മണിക്കൂറുകളോളമാണ് വിമാന കമ്പനികൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിർത്തിവച്ചത്. ചില വിമാനത്താവളങ്ങളിൽ ഡിസ്‌പ്ലേ ബോർഡുകൾ പണിമുടക്കിയതോടെ വമ്പൻ വൈറ്റ് ബോർഡുകളിൽ വിമാന സർവീസ് വിവരങ്ങൾ എഴുതിവയ്‌ക്കേണ്ടി വന്നു. ബാങ്കുകളുടെ പ്രവർത്തനങ്ങളെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും സാങ്കേതിക തകരാർ ബാധിച്ചിട്ടുണ്ട്.