കൊയിലാണ്ടി നഗരത്തിന് കിഴക്കൻ പ്രദേശവാസികൾക്ക് നഗരത്തിലേക്കെത്താന്‍ കഷ്ട്ടപ്പാട്. വഴിയടഞ്ഞത് പോലെയാണ് എല്ലായിടത്തും. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകാനായി മുത്താമ്പി റോഡില്‍ നിര്‍മ്മിച്ച അടിപ്പാത ഒരു വിധത്തിലുളള ആസൂത്രണത്തോടും കൂടിയല്ല നിര്‍മ്മിച്ചത്. ഈ മഴക്കാലത്ത് അടിപ്പാതയില്‍ മുട്ടറ്റം ചെളിവെളളമാണ്. ഇതിലൂടെ ശരിക്കും തുഴയുകയാണ് യാത്രക്കാര്‍. മഴ ശക്തിയാര്‍ജ്ജിക്കുന്നതിന് ഒരു ദിവസം മുമ്പ് അടിഭാഗത്ത് നല്ല നിലയില്‍ കോണ്‍ക്രീറ്റ് ചെയ്ത സ്ഥലത്ത് ടാറിംങ്ങ് നടത്താന്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി കരാറെടുത്ത കമ്പനി ഒരു ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ശക്തമായ കുത്തൊഴുക്കില്‍ ഈ ടാറും മെറ്റലുമെല്ലാം ഒലിച്ചു പോയി. ഈ മെറ്റലും ടാറും ശക്തമായ കുത്തിയൊഴുക്കില്‍ അടിപാതയുടെ പല ഭാഗത്തായി കുന്നു കൂടി കിടക്കുകയാണ്. വെളളം പൊങ്ങിയാല്‍ അടിപ്പാതയിലെ ഉയര്‍ച്ച താഴ്ചകള്‍ അപരിചിതരായ ഇരു ചക്രവാഹനക്കാര്‍ക്ക് അറിയില്ല. സ്ത്രീകളടക്കമുളള യാത്രക്കാര്‍ തെന്നി വീണു വെളളത്തില്‍ തെറിച്ചു വീഴുന്ന അവസ്ഥയാണിപ്പോള്‍.ഓഫീസിലേക്കും വിദ്യാലയങ്ങളിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും പോകേണ്ട യാത്രക്കാര്‍ ചെളിവെളളത്തില്‍ കുളിച്ചു കയറി പോകുന്നത് പതിവ് കാഴ്ച. ഇത്രയേറെ ദയനീയമായ അവസ്ഥയായിട്ടും പ്രശ്‌ന പരിഹാരം ഞങ്ങളുടെ ചുമതലയല്ലെന്ന ധാരണയില്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ് എന്‍.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍. കുത്തൊഴുക്കില്‍ ഒലിച്ചു വന്ന മണ്ണും ചെളിയും മെറ്റലുകളും ജെ.സി.ബി ഉപയോഗിച്ച് കോരിയെടുത്ത് മാറ്റിയാല്‍ തന്നെ അപകടാവസ്ഥ പരിഹരിക്കാന്‍ കഴിയും. നിലത്ത് കോണ്‍ക്രീറ്റ് ചെയ്ത അടിത്തറയായതിനാല്‍ താഴ്ന്ന് പോകുന്ന പ്രശ്‌നം ഇവിടെയില്ല. എന്നാല്‍ ലളിതമായി ചെയ്യാവുന്ന ഈ പ്രവൃത്തി പോലും കരാര്‍ കമ്പനി ചെയ്യുന്നില്ല. നാട്ടുകാര്‍ വീണു എല്ലു പൊട്ടിയാലും തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന തരത്തില്‍ പെരുമാറുകയാണ് കമ്പനി.
കോതമംഗലം മണമല്‍ റോഡിലും സ്ഥിതി അതി ദയനീയം. നിത്യാനന്ദാശ്രമത്തിന് സമീപത്ത് കൂടിയുളള റോഡില്‍ ചെറിയ മഴ പെയ്താല്‍ പോലും വെളളമുയരും. ഈ റോഡില്‍ നിന്ന് വെളളമൊലിച്ചു പോകാന്‍ ഒരു നിര്‍വ്വാഹവുമില്ല. വെളളക്കെട്ടിലൂടെ കടന്നു വരുന്ന വാഹനങ്ങള്‍ മറുപുറമെത്താന്‍ കുത്തനെ കയറണം. റോഡ് നിരത്തിയാല്‍ തന്നെ തീരാവുന്ന പ്രശ്‌നമാണ് ഇവിടെയുളളത്. കൊയിലാണ്ടിയിലെ കീഴക്കന്‍ മേഖലയായ പേരാമ്പ്ര,മേപ്പയ്യൂര്‍,കീഴരിയൂര്‍,ഊരളളൂര്‍,കുറുവങ്ങാട് ഭാഗത്തേക്കുളള യാത്രക്കാര്‍ വലിയ ക്ലേശകരമായ യാത്രയാണ് നടത്തി കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍,സ്ത്രീകള്‍,രോഗികള്‍ എന്നിവരെല്ലാം ദുരിതം സഹിക്കുകയാണ്. ഈ ദുരിതാവസ്ഥയ്ക്ക് എന്ന് അറുതി വരുമെന്നു പോലും അറിയില്ല.
കൊയിലാണ്ടി ബപ്പന്‍കാടിലെ റെയില്‍വേ അടിപ്പാതയില്‍ വെളളമുയരാത്തത് മാത്രമാണ് ഏക ആശ്വാസം.ഈ അടിപ്പാത ഉണ്ടാക്കിയത് മുതല്‍ ഇതില്‍ വെളളക്കെട്ടായിരുന്നു. വര്‍ഷത്തില്‍ വേനല്‍ക്കാലത്ത് മാത്രമായിരുന്നു ഈ അടിപ്പാത വഴിയുളള സഞ്ചാരം. എന്നാല്‍ ഇപ്പോള്‍ നഗരസഭ ഇടപെട്ട് സ്ഥിരമായി മോട്ടോര്‍ ഉപയോഗിച്ച് അപ്പപ്പോള്‍ മഴവെളളം വറ്റിക്കാന്‍ തുടങ്ങിയത് വലിയ അനുഗ്രഹമാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്നത്. കിഴക്കന്‍ ഭാഗത്തേക്ക് പോകുന്ന ഒട്ടെറെ ഇരു ചക്രവാഹനക്കാര്‍ ബപ്പന്‍കാട് അടിപ്പാത കടന്ന് താമരശ്ശേരി സംസ്ഥാന പാതയിലൂടെ കുറുവങ്ങാട് തീപ്പെട്ടി കമ്പനി-അണേല റോഡിലൂടെ പോകുന്നുണ്ട്.