കൊയിലാണ്ടി: നന്തി -ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് യാത്രാ പ്രതിസന്ധി നേരിടുന്ന പന്തലായിനി കാട്ടുവയല്‍ റോഡില്‍ ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതായി ഷാഫി പറമ്പില്‍ എം.പിയും കാനത്തില്‍ ജമീല എം.എല്‍.എയും അറിയിച്ചു. ഇരുവരും വ്യത്യസ്ത സമയത്ത് പന്തലായനിയിലെത്തിയാണ് പ്രദേശവാസികളെ ഇക്കാര്യം അറിയിച്ചത്.പന്തലായനി റോഡ് സംരക്ഷണ സമിതി ഉന്നയിച്ച ആവശ്യം അനുവദിച്ചതായി ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സമര പന്തലില്‍ നടന്ന യോഗത്തില്‍ കാനത്തിൽ ജമില എം.എല്‍. എ. പറഞ്ഞു. ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിച്ചാല്‍ അതിനകത്ത് വെളിച്ചം,വായുസഞ്ചാരം എന്നിവ ഉറപ്പു വരുത്തണം. ഇതിന്റെ ഉത്തരവാദിത്തം നഗരസഭ ഏറ്റെടുക്കണം. ഇത് സംബദ്ധിച്ച് നഗരസഭയും നാഷണല്‍ ഹൈവേ അതോറിറ്റിയും തമ്മില്‍ ധാരണയായാല്‍ ബോക്‌സ് കള്‍വെര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും.ബോക്‌സ് കള്‍വെര്‍ട്ട് സ്ഥാപിക്കുന്നത് വേഗത്തിലാക്കാനുളള എല്ലാ നടപടികളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഷാഫി പറമ്പില്‍ എം.പി.യും ഉറപ്പ് നല്‍കി.
വാര്‍ഡ് കൗണ്‍സിലർ പി.പ്രജിഷ അധ്യക്ഷത വഹിച്ചു.നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്,കൗണ്‍സിലര്‍ കെ.എം.സുമതി,കണ്‍വീനര്‍ പി.ചന്ദ്രശേഖരന്‍, പി.വി. വേണുഗോപാല്‍,യു.കെ.ചന്ദ്രന്‍,മണി ശങ്കര്‍, മനോജ്,പന്തലായിനി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.എം.ബിജു,പി.സിന്ധു,പൈതൃകം റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ദീപാ മധു എന്നിവര്‍ പങ്കെടുത്തു.