മഴക്കെടുതിയിൽ അകപ്പെട്ട കുടുംബങ്ങളെ താമസിപ്പിക്കുന്നതിനായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ കൂടി ആരംഭിച്ചു. കോഴിക്കോട് താലൂക്കിലാണ് പുതുതായി ക്യാംപുകൾ തുടങ്ങിയത്. ഇതോടെ കോഴിക്കോട് താലൂക്കിൽ എട്ട്, കൊയിലാണ്ടി താലൂക്കിൽ രണ്ട് എന്നിങ്ങനെ ജില്ലയിലെ ക്യാംപുകളുടെ എണ്ണം പത്തായി. കോഴിക്കോട് താലൂക്കിലെ കുരുവട്ടൂർ വില്ലേജിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പറമ്പിൽ അംഗൻവാടിയിലാണ് ഒരു ക്യാമ്പ് തുറന്നത്. രണ്ടു കുടുംബങ്ങളിലായി ആകെ മൂന്നു പേരാണ് ഇവിടെ ഉള്ളത്. കക്കാട് വില്ലേജ് പരിധിയിലെ മാട്ടറ, ചീപ്പാകുഴിയിൽ ജമീല എന്നവരുടെ വീടിന് വിള്ളലുണ്ടായതിനെ തുടർന്ന് കുടുംബത്തിലെ ഏഴു പേരെ തൊട്ടടുത്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി പാർപ്പിച്ചു. ആകെ 28 കുടുംബങ്ങളിൽ നിന്നായി 91 പേരാണ് ജില്ലയിലെ ക്യാംപുകളിൽ കഴിയുന്നത്.