നാല് ദിവസം മുൻപ് കനത്ത മഴയിൽ കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യ കൃഷ്‌ണപ്രിയയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്.
അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു. വിഷയം അറിഞ്ഞ കേരളാ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രതികരിച്ചിട്ടുണ്ട്.
വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ നിർദേശം നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ഇടപെടൽ.