

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധനകള്‍ നടത്തി. രണ്ട് ദിവസത്തെ സ്‌പെഷ്യൽ ഡ്രൈവിലാണ് സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളില് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള് നടത്തിയത്. തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂര് 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂര് 169, കാസര്ഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനകള് നടത്തിയത്. കോഴിക്കോട് 28, കൊല്ലം 21, തിരുവനന്തപുരം 16, തൃശൂര് 11, എറണാകുളം 7, മലപ്പുറം 7, കണ്ണൂര് 6, ആലപ്പുഴ 5, കോട്ടയം 5, പത്തനംതിട്ട 1 എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിര്ത്തി വയ്പ്പിച്ചു.
ആഹാരം പാചകം ചെയ്യുന്നവരുടേയും വിളമ്പുന്നവരുടേയും വ്യക്തി ശുചിത്വം, ഭക്ഷണശാലകളിലെ പരിസരശുചിത്വം ഇവ പരിശോധിക്കുന്നതിന് ഒരു തരത്തിലും പരസ്യപ്പെടുത്താതെയാണ് പരിശോധനകള് നടത്തിയത്. 107 സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിര്ത്തിവയ്പ്പിച്ചു. 368 സ്ഥാപനങ്ങള്ക്ക് റെക്ടിഫിക്കേഷന് നോട്ടീസും 458 സ്ഥാപനങ്ങള്ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കിയിട്ടുണ്ട്. പ്രവര്ത്തനം നിര്ത്തിവയ്പ്പിച്ച സ്ഥാപനങ്ങള്ക്ക് പോരായ്മകള് പരിഹരിച്ചെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര് സര്ട്ടിഫിക്കറ്റ് നല്കിയതിന് ശേഷം മാത്രമേ പ്രവര്ത്തിക്കാന് കഴിയുകയുള്ളൂ.
ജീവനക്കാരുടെ വ്യക്തി ശുചിത്വം (നഖങ്ങളുടെ വൃത്തി ഉള്പ്പെടെ) ഹെല്ത്ത് കാര്ഡ്, വെള്ളം പരിശോധിച്ചതിന്റെ സര്ട്ടിഫിക്കറ്റ്, ഹോട്ടലുകളുടേയും റസ്റ്റോറന്റുകളുടേയും പൊതു ശുചിത്വം എന്നിവയാണ് പരിശോധിച്ചത്. 134 സ്‌ക്വാഡുകളാണ് പരിശോധനകള് നടത്തിയത്. ‘ഓപ്പറേഷന് ലൈഫ്’ എന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കാമ്പയിന്റെ ഭാഗമായാണ് ഈ പരിശോധനകള്.


