നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ പട്ന എംയിസിലെ മൂന്ന് ഡോക്ടർമാരെ സിബിഐ കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. ഡോക്ടർമാരുടെ മുറികൾ സീൽ ചെയ്ത സിബിഐ അവരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല.
അതേസമയം നീറ്റിൽ പുനഃപരീക്ഷയുണ്ടോ എന്ന് ഇന്നറിയാം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ എൻ ടി എ, കേന്ദ്രം എന്നിവർ നൽകിയ സത്യവാങ്മൂലം കക്ഷികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു. പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തിൽ ക്രമക്കേട് ഉണ്ടായിട്ടില്ലെന്നും പ്രാദേശികമായി മാത്രമാണ് പ്രശ്നങ്ങൾ എന്നാണ് കേന്ദ്ര വാദം.