കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ വ്യാഴാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടം.വെങ്ങളം,കോരപ്പുഴ,പൂക്കാട്,ചെങ്ങോട്ടുകാവ്,മൂടാടി,തിക്കോടി,പയ്യോളി മേഖലകളിലാകെ കാറ്റില്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു വീടുകള്‍ ഉള്‍പ്പടെ തകര്‍ന്നു. ഒട്ടനവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു വൈദ്യുതി കാലുകള്‍ നിലംപൊത്തി. പൂക്കാട് കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയില്‍ കാപ്പാട് ഏഴ് ഹെടെന്‍ഷന്‍ പോസ്റ്റുകള്‍ തകര്‍ന്നു. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്താണ് ഏഴ് ഹെടെന്‍ഷന്‍ വൈദ്യുതി കാലുകള്‍ മരം വീണു മുറിഞ്ഞത്.എട്ട് കാറ്റാടി മരങ്ങളും റോഡിന് കുറുകെ വീണു. പോസ്റ്റ് വീണു റോഡരികിലെ പെട്ടിക്കടക്കു കെടുപാട് പറ്റി. കൊയിലാണ്ടി അമ്പ്രമോളി കനാല്‍ പരിസരത്ത് വൈദ്യുതി കാല്‍ മുറിഞ്ഞു വീണു.
ദേശീയപാതയില്‍ മൂടാടിയില്‍ മരം വീണ് ഗതാഗത തടസ്സപ്പെട്ടു.ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി.കൊയിലാണ്ടി കുറുവങ്ങാട് ഐ.ടി.ഐ സ്റ്റോപ്പിനു സമീപം വെങ്ങളത്താം വീട്ടില്‍ ഹാരിസിന്റ വീട് തെങ്ങ് വീണ് തകര്‍ന്നു.വീടിന്റെ മെയിന്‍ സ്ലാബ് തകര്‍ന്നു. തെങ്ങ് വീഴുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ലാബിന് വലിയ നീളത്തില്‍ വിളളള്‍ വീണിട്ടുണ്ട്. ചേരിക്കുന്നുമ്മല്‍ താഴെ ലീലയുടെ വീടും തകര്‍ന്നു.നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.കാപ്പാട് വികാസ് നഗറില്‍ മണ്ണിലെ കുനി ശശിയുടെ വീടിന് മുകളിലേക്കും മരം മുറിഞ്ഞു വീണു നാശനഷ്ടമുണ്ടായി.