നീറ്റ് ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ, കേന്ദ്രസര്‍ക്കാര്‍ കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ചു. സീറ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ചക്കുള്ളില്‍ സീറ്റ് വിവരങ്ങള്‍ അറിയിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ നിര്‍ദേശം. നീറ്റ് കൗണ്‍സിലിംഗ് നടപടികള്‍ ഈ മാസം മൂന്നാംവാരം ആരംഭിക്കുമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍ വ്യാപകമല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും എന്‍ടിഎയും. അതിനാല്‍ പുനപരീക്ഷ വേണ്ടെന്നാണ് കേന്ദ്രത്തിൻ്റെ സത്യവാങ്മൂലം.
നാളെയാണ് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ഇതിനിടയിലാണ് കൗണ്‍സിലിംഗ് നടപടികള്‍ക്ക് തുടക്കം കുറിച്ച് മെഡിക്കല്‍ കോളേജുകളോട് ഔദ്യോഗിക വെബ്‌സൈറ്റില്‍ സീറ്റ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ചക്കുള്ളില്‍ സീറ്റ് വിവരങ്ങള്‍ അറിയിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ നിര്‍ദേശം. സ്ഥാപനം പോര്‍ട്ടലിലേക്ക് പ്രവേശിക്കുന്നതിനുള്ള യൂസര്‍ ഐഡിയും പാസ്വേര്‍ഡും മുന്‍വര്‍ഷങ്ങളിലേത് തന്നെയാണെന്നും നോട്ടീസില്‍ പറയുന്നു. പാസ്വേഡ് മറന്നുപോയാലോ പുതിയ പാസ് വേർഡ് സൃഷ്ടിക്കണമെന്ന് തോന്നിയാലോ അവര്‍ക്ക് പുതിയവ ക്രിയേറ്റ് ചെയ്യാനുളള സൗകര്യവും നല്‍കിയിട്ടുണ്ട്. സംശയങ്ങളുണ്ടെങ്കില്‍ സ്ഥാപനത്തിന് എംസിസിയെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ ബന്ധപ്പെടാം.
നാല് ഘട്ടമായാണ് നീറ്റ് കൗണ്‍സിലിംഗ് നടക്കുക. വിവിധ കേന്ദ്ര സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ കോളേജുകള്‍, ഡീംഡ് സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളും പൂനെയിലെ ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളിലെയും ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളും നീറ്റ് യുജി കൗണ്‍സിലിംഗില്‍ ഉള്‍പ്പെടും. 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതി കാത്തിരിക്കുന്നത്. ക്രമക്കേടിനെ തുടര്‍ന്ന് നീറ്റില്‍ പുനപരീക്ഷ അടക്കം കാര്യങ്ങളിൽ സുപ്രീംകോടതിയില്‍ നിന്നുളള അന്തിമ വിധിയും ഏറെ നിര്‍ണായകമാണ്.