കീഴരിയൂര്‍: മേപ്പയ്യൂര്‍ നെല്ല്യാടി റോഡില്‍ യാത്രാ ദുരിതത്തിന് ഉടന്‍ പരിഹാരം വേണമെന്ന് ആവശ്യപെട്ട് ബി.ജെ.പി മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി .നൂറ് കണക്കിനാളുകള്‍ ദിവസവും സഞ്ചരിക്കുന്ന പാതയാണിത്. മൂന്നിലധികം പഞ്ചായത്തുകളിലുള്ളവര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകാന്‍ ഉപയോഗിക്കുന്നത് ഈ റോഡാണ്. പത്ത് വര്‍ഷത്തിലധികമായി തകര്‍ന്നിരിക്കുന്ന റോഡാണിത്.റോഡ് ഗതാഗത യോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയോ സ്ഥലം എം.എല്‍.എയോ ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ നവകേരളയാത്രയില്‍ പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് നെല്ല്യാടി റോഡ് നവീകരിക്കാന്‍ വേണ്ടിയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നിരുത്തരവാദപരമായ നിലപാടാണ് മേപ്പയൂരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിനു കാരണം.റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ റോഡുപരോധമടക്കമുള്ള സമരമാര്‍ഗങ്ങളിലേക്ക് കടക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ബൈജു കൊളോറോത്ത് അധ്യക്ഷനായ പരിപാടി മധുപുഴയരിയത്ത് ഉദ്ഘാടനം ചെയ്തു.നാരായണന്‍ നാഗത്ത് , വി.സി.ബിനീഷ്,അശോകന്‍ കണിയാറക്കല്‍ ,ശിവദാസന്‍ ശിവപുരി തുടങ്ങിയവര്‍ സംസാരിച്ചു.