വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ അന്നത്തെ വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. സംഭവത്തിൽ സമയബന്ധിതമായി നടപടിയെടുക്കുന്നതിൽ വിസിക്ക് വീഴ്ച സംഭവിച്ചെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. നേരത്തെ, സംഭവത്തിൽ കൃത്യമായ നടപടിയെടുത്തില്ലെന്ന് കാരണത്തിൽ വിസി എം ആർ ശശീന്ദ്രനാഥിനെ ചാൻസിലർ കൂടിയായ ഗവർണർ പുറത്താക്കിയിരുന്നു.
സിദ്ധാർത്ഥൻ്റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്നതാണ് പ്രധാനമായും കമ്മിഷൻ അന്വേഷിച്ചത്. സർവ്വകലാശാലയിലെ ജീവനക്കാർ, സിദ്ധാർത്ഥൻ്റെ സുഹൃത്തുക്കൾ, മാതാപിതാക്കൾ അടക്കം 28 പേരിൽ നിന്നാണ് കമ്മിഷൻ മൊഴിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനാണ് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ആദ്യം യുജിസി ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. അന്വേഷണത്തിൽ സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്‌പെൻഷൻ നൽകി.