4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ

നിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈൽ കമ്പനികളിൽനിന്ന് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെ 37 ടവറുകളിൽ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം ലഭ്യമായിത്തുടങ്ങി. വിവിധ ജില്ലകളിലെ 599 ടവറുകളിൽ 4ജി ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ പൂർത്തിയായി.

കേരളത്തിൽ ആകെയുള്ള 6900 ബി.എസ്.എൻ.എൽ ടവറുകളിൽ 4500ഉം ഡിസംബറോടെ പൂർണമായും 4ജിയിലേക്കു മാറുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ, 1046 ബി.എസ്.എൻ.എൽ ടവറുകളാണ് കേരളത്തിൽ 4ജി സേവനം നൽകുന്നത്. കൊച്ചി, ആലപ്പുഴ, കോഴിക്കോട്, കോട്ടയം നഗരങ്ങളിൽ 4ജി സേവനം ലഭ്യമാണ്. തിരുവനന്തപുരമടക്കമുള്ള മറ്റു നഗരങ്ങളിൽ വിന്യാസം അന്തിമഘട്ടത്തിലാണ്.

ബി.എസ്.എൻ.എൽ 4ജി സാച്യുറേഷൻ പദ്ധതിപ്രകാരം മൊബൈൽ റേഞ്ച് ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ കൂടി ഉടൻ കവറേജ് എത്തിക്കും. 4ജി വിന്യാസം പൂർത്തിയായ ഉടൻ 5ജിയിലേക്ക് മാറാനുള്ള പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. സ്വകാര്യ മൊബൈൽ കമ്പനികൾ 25 ശതമാനം വരെ താരിഫ് നിരക്ക് ഒറ്റയടിക്ക് കൂട്ടിയപ്പോൾ നിരക്കുയർത്താത്തത് ബി.എസ്.എൻ.എൽ മാത്രമാണ്. കുറഞ്ഞ നിരക്കിൽ, കൂടുതൽ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കാളുകൾക്കുള്ള സൗകര്യം നിലവിൽ ബി.എസ്.എൻ.എല്ലിലാണ്.

 

Leave a Reply

Your email address will not be published.