കർക്കടകത്തിൽ കോരിച്ചൊരിയുന്ന മഴക്കൊപ്പം രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാനുള്ള ചര്യകളാണ് ആയുർവേദം നിഷ്ക്കർഷിക്കുന്നത്. ശരീരബലമില്ലാത്തവർക്ക് പ്രതിരോധശേഷിയും ബലമുള്ളവർക്ക് അത് നിലനിർത്താനുമുള്ള വഴികൾ ലളിതമായി വീട്ടിൽതന്നെ ചെയ്യാനാകും. ശരീരവും മനസ്സും ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ ആഹാരത്തിന് സുപ്രധാനമായ പങ്കാണുള്ളത്.
ഋതുഭേദങ്ങൾക്കനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങൾക്കും വ്യത്യാസമുണ്ട്. രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതിന് പുറമെ ശരീരബലം, വർണം, പുഷ്ടി ഇവയും ഇത്തരം ആഹാര ഔഷധ സംസ്കാരത്തിലൂടെ നമുക്ക് നേടാനാകും. ആഹാരം തന്നെ ഔഷധമാക്കി കർക്കടകത്തിൽ ദേഹരക്ഷക്കായി പ്രയോജനപ്പെടുത്താം. മുക്കുടി, സൂപ്പ്, ഔഷധക്കഞ്ഞികൾ, പത്തിലക്കറി, തവിടപ്പം ഇവ കർക്കിടകത്തിൽ ഏറെ അനുയോജ്യമാണ്.
മുക്കുടി ദഹന രസങ്ങളെ ഉദ്ദീപിപ്പിക്കാനും വയറിനെ ശുദ്ധമാക്കാനും ഉത്തമമാണ് മുക്കുടി. ചുക്ക്, ജീരകം, ആയമോദകം, കുരുമുളക്, പുളിയാരില, കുടകപ്പാലയരി, കൊത്തമല്ലി ഇവ അരച്ച് ഒരു ഗ്ലാസ് മോരിൽ കലക്കി തിളപ്പിച്ച് പതയുമ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് രാവിലെ കഴിക്കാം.