സ്ഥിരം അപകട മേഖലയായ നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. നന്തി, കടലൂര്‍, കോടിക്കല്‍, മുത്തായം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ് നന്തി കടലൂര്‍ ലൈറ്റ് ഹൗസ് റോഡില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കണമെന്നത്. ഇക്കാര്യം ഉന്നയിച്ചു നന്തി നിവാസികള്‍ കര്‍മ്മസമിതി രൂപവല്‍ക്കരിച്ച് പ്രക്ഷോഭം ആരംഭിച്ചിട്ട് നാളുകളായി. മൂടാടി ഗ്രാമപഞ്ചായത്തും ഇക്കാര്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. അടിപ്പാത നിര്‍മ്മാണത്തിന് 2021 ലെ സംസ്ഥാന ബഡ്ജറ്റില്‍ അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. അടിപ്പാത നിര്‍മ്മാണത്തിന് 2.17 കോടി രൂപയുടെ എസ്റ്റിമേറ്റ് റെയില്‍വേ തയ്യാറാക്കിയിരുന്നു. പ്ലാനും എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ചെലവിലേക്കുള്ള തുക കെട്ടിവെക്കാന്‍ പഞ്ചായത്തിനോട് റെയില്‍വേ ആവശ്യപ്പെട്ടിരുന്നു.ഇതിനാവശ്യമായ തുക പ്രദേശവാസികള്‍ പിരിവെടുത്ത് പഞ്ചായത്തിന് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് 4,34,381 രൂപ റെയില്‍വേയില്‍ കെട്ടിവച്ചിട്ടുമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കെ-റെയില്‍ പദ്ധതി പ്രഖ്യാപിച്ചതോടെയാണ് നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മാണം തടസ്സപ്പെടാന്‍ ഇടയാക്കിയത്. കെ-റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് നന്തിയിലെ അടിപ്പാത നിര്‍മ്മാണം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി റെയില്‍വേ അധികൃതര്‍ ഗ്രാമപഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കെ-റെയില്‍ പദ്ധതി എങ്ങും എത്താത്ത സ്ഥിതിക്ക് അടിപ്പാത നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നന്തിയില്‍ റെയില്‍പാതയ്ക്ക് കൊടും വളമാണ്. മേല്‍പ്പാലം വന്നതോടെ നന്തി റെയില്‍വേ ഗേറ്റ് അടയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ വന്‍മുഖം, കടലൂര്‍ നന്തി ഭാഗങ്ങളിലെ ജനങ്ങള്‍ റെയില്‍പാത മുറിച്ച് വേണം നന്തി ബസാറിലേക്ക് എത്താന്‍. കടലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, നന്തി ദാറുസ്സലാം അറബിക് കോളേജ്, കടലൂര്‍ ലൈറ്റ് ഹൗസ് എന്നിവിടങ്ങളിലേക്ക് പോകേണ്ടവര്‍ റെയില്‍വേ പാത മുറിച്ചു കടന്നുവേണം അപ്പുറത്ത് എത്താന്‍. റെയില്‍പാളം മുറിച്ചു കടക്കുമ്പോള്‍ അപകടസാധ്യത ഏറെയാണ്. കൊടും വളവായതിനാല്‍ വണ്ടി അടുത്തെത്തിയാല്‍ മാത്രമേ അറിയുകയുള്ളൂ. പാളത്തില്‍ നിന്ന് ഇറങ്ങി നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണിവിടെ. പാളം മുറിച്ച് കടക്കുമ്പോള്‍ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. കടലൂര്‍ ലൈറ്റ് ഹൗസ് റോഡില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ശക്തമായ ആവശ്യം. വെള്ളക്കെട്ട് പരിഹരിച്ചു അടിപ്പാത നിര്‍മ്മിക്കണമെന്നതും പ്രധാന ആവശ്യമാണ്. കൊയിലാണ്ടി ബപ്പന്‍കാട് അടിപ്പാത നിര്‍മ്മിച്ചതിലെ അപാകം കാരണം മഴക്കാലത്ത് പൂര്‍ണ്ണമായി ഇതില്‍ വെളളം നിറഞ്ഞു കിടക്കുന്ന അവസ്ഥയുണ്ട്. ഈ പ്രശ്‌നം പരിഹരിച്ച് വേണം അടിപ്പാത നിര്‍മ്മിക്കാന്‍.