കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനിയായി കുന്നിടിച്ചു മാറ്റിയ കോമത്തുകരയില്‍ വീടുകള്‍ അപകടാവസ്ഥയില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റോഡരികിലായ വീട് നിലനില്‍പ്പ് ഭീഷണി നേരിടുന്നത്. വീടുകളുടെ അടിത്തറ ഭാഗം വരെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കോമത്തുകര ആവണിഹൗസില്‍ കെ.വി.പത്മിനിയുടെ വീട് ഏത് നേരവും നിലം പൊത്താവുന്ന സ്ഥിയിലാണ്. വീട് അപകടാവസ്ഥയിലായതോടെ ഇവര്‍ മറ്റൊരിടത്തിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരിക്കുകയാണ്. ഏതാനും വീടുകള്‍ക്ക് കൂടി ഭീഷണിയുണ്ട്.
മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ താമസിക്കുന്ന സ്ഥലവും വീടും ദേശീയപാതാധികൃതര്‍ ഏറ്റെടുക്കണമെന്നാണ് പത്മിനിയും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
5.45 സെന്റ് സ്ഥലമാണ് ഇവര്‍ക്ക് കോമത്തുകരയിലുളളത്. ഇതില്‍ വീടിനോട് ചേര്‍ന്നുളള ഒന്നര സെന്റ് സ്ഥലം ദേശീയ പാതാ വികസനത്തിനായി അക്വയര്‍ ചെയ്തിരുന്നു. റോഡ് നിര്‍മ്മിച്ചു തുടങ്ങിയതോടെ ബാക്കി സ്ഥലവും ഇടിയാന്‍ തുടങ്ങി. ഗുരുതരമായ സുരക്ഷാ ഭീഷണി നിലനില്‍ക്കെ തന്നെ റോഡില്‍ നിന്ന് വീട്ടിലേക്ക് എത്താനുളള വഴിയും ഇല്ലാതായി. പത്മിനി ഒറ്റക്കായിരുന്നു താമസം. വിവാഹിതരായ രണ്ട് പെണ്‍മക്കള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. വീട് താമസ യോഗ്യമല്ലാതായ സാഹചര്യത്തില്‍ ശേഷിക്കുന്ന സ്ഥലം കൂടി എന്‍.എച്ച്.എ.ഐ ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ജില്ലാ കലക്ടര്‍,കൊയിലാണ്ടി എന്‍.എച്ച്.ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് ഇവര്‍.