അന്തരിച്ച നാട്യാചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള ഗുരു ചേമഞ്ചേരി പുരസ്കാരം വാദ്യകലാ രത്നം മട്ടന്നൂർ ശങ്കരൻ ശങ്കരൻ കുട്ടി മാരാർക്ക് ഗോവാ ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള സമർപ്പിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ എം. എൽ. എ. കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു.
കലാപ്രവർത്തനത്തിന്റെ അനന്ത സാധ്യതകളിൽ അഭിരമിച്ച ഗുരു ചേമഞ്ചേരിയുടെ പുരസ്കാരം അതേ അളവിൽ തന്നെ കലാലോകത്ത് നിറഞ്ഞു നിൽക്കുന്ന അദ്വിതീയനായ ഒരു കലാകരന് സമർപ്പിക്കുന്നത് ഏറെ ഔചിത്യപൂർണ്ണമായി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
പി. ബാബുരാജ്, കലാമണ്ഡലം മൻ പ്രിൻസിപ്പാൾ ജൂറി ചെയർമാൻ കൂടിയായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, യു.കെ.രാഘവൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുൾ ഷുക്കൂർ എന്നിവർ സംസാരിച്ചു.
പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ മറുമൊഴി രേഖപ്പെടുത്തി. കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോക്ടർ എൻ. വി. സദാനന്ദൻ സ്വാഗതവും സെക്രട്ടറി സന്തോഷ് സത്ഗമയ കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് സുനിൽ തിരുവങ്ങൂർ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം, പ്രശസ്തരായ 13 തായമ്പക കലാകാരന്മാർ 50 വാദ്യ കലാകാരന്മാർക്കൊപ്പം അണി നിരന്ന തായമ്പകോപദ, അഷ്ടപദിയാട്ടം, കൃഷ്ണാമൃതം – സംഗീതശില്പം, ശ്രീരാമ ചന്ദ്ര ഭജൻസ് – നൃത്താവിഷ്കാരം എന്നിവ അരങ്ങേറി.