അരിക്കുളം: തകര്‍ന്നടിഞ്ഞ കാരയാട് മരുതിയാട്ട് താഴെ വടക്കയില്‍ ഭാഗം-തണ്ടയില്‍ താഴെ റോഡിന്റെ ദുരവസ്ഥ പരിഹാരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം. അധികാരികളെ കണ്ണ് തുറക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കുട്ടികളുടെ പ്രതിഷേധം. മഴ കനത്തതോടെ ഈ റോഡില്‍ നിറയെ അപകടകരമായ കുണ്ടും കുഴിയുമാണ്. കാല്‍ നട യാത്രയും വാഹന ഗാതാഗതവും റോഡില്‍ പ്രയാസകരമായി. ഇരുപത്തി അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ഈ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അരിക്കുളം ഗ്രാമപഞ്ചായത്തിലെ കാരയാട് മേഖലയിലെ പ്രധാന റോഡുകളിലൊന്നാണിത്.
അന്‍പതോളം കുടുംബങ്ങളിലെ ഇരുന്നൂറിലധികം ആളുകള്‍ നിത്യേന ഗതാഗതത്തിന് ഉപയോഗിക്കുന്ന മണ്‍ റോഡില്‍ മഴ തുടങ്ങിയാല്‍ വെള്ളക്കെട്ടാണ്. മുട്ടോളം ചളിയിലൂടെ യാത്ര ചെയ്താണ് പ്രദേശവാസികള്‍ പ്രധാന റോഡിലെത്തുന്നത്. വിവിധ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ചെളി നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുന്നില്ല. റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. റോഡിലൂടെ സുരക്ഷിതമായി സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. റോഡ് ഗതാഗതയോഗ്യമാക്കാന്‍ തയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേഖല കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പത്മനാഭന്‍ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ എം ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ഹാഷിം കാവില്‍, അമ്മദ് കുന്നത്ത്, ആനന്ദ് കിഷോര്‍, റഷീദ് വടക്കയില്‍, നിഖില മരുതിയാട്ട് സംസാരിച്ചു.