കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമും പരിസരവും തെരുവ് നായകൾ കയ്യടക്കുന്നു. ഭീതിയോടെയാണ് യാത്രക്കാർ വണ്ടി കയറാൻ എത്തുന്നത്. പ്ലാറ്റ്ഫോമിലെ ഇരിപ്പിടങ്ങളിൽ എല്ലാം നായകൾ കയറി ഇരിപ്പാണ്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലായി ഒട്ടേറെ നായകൾ ഉണ്ട്. യാത്രക്കാർക്ക് നേരെ കുരച്ച് ചാടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് കൊയിലാണ്ടിയിൽ നിന്നും കണ്ണൂരിലേക്ക് യാത്ര പോകാൻ എത്തിയ ഒരു യാത്രക്കാരനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. തെരുവുനായകൾക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചിലർ ഭക്ഷണം നൽകുന്നതാണ് നായകൾ ഇങ്ങനെ പെരുകാൻ കാരണമായി പറയപ്പെടുന്നത്. തെരുവുനായ ശല്യത്തിന് പരിഹാരം തേടി കൊയിലാണ്ടി നഗരസഭാധികൃതർക്ക് റെയിൽവേ അധികാരികൾ പരാതി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ല. അതിരാവിലെ തീവണ്ടി കയറാൻ എത്തുന്നവർ ഭീതിയോടെയാണ് സ്റ്റേഷൻ പരിസരത്തേക്ക് എത്തുന്നത്. മഴക്കാലം തുടങ്ങിയത് മുതൽ ഒട്ടേറെ തെരുവ് നായകൾ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം കേന്ദ്രീകരിച്ച് നിൽക്കുന്നുണ്ട്. തെരുവുനായ ശല്യത്തിനെതിരെ
അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.