അഴിയൂർ വെങ്ങളം ദേശീയപാത അശ്രദ്ധമായും അശാസ്ത്രീയവുമായാണ് നിർമ്മിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ദേശീയപാത നിർമ്മാണത്തിനിടെ സംരക്ഷണഭിത്തി തകർന്ന പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ മടപ്പള്ളി മാച്ചിനാരിയിലും ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വഗാഡ് കമ്പനി നിർമ്മിച്ച സംരക്ഷണ ഭിത്തി പാടെ തകർന്നു അത്യന്തം അപകടകരമായ സ്ഥിതിയിലെത്തിയിരിക്കയാണ്. ചോമ്പാല മീത്തലെ മുക്കാളിയിലും ഇതുപോലെ സോയിൽ നെയിലിങ്ങ് സാങ്കേതിക വിദ്യയിൽ നിർമ്മിച്ച സംരക്ഷണ മതിൽ തകർന്നതിനെ തുടർന്നു ഉണ്ടാകാവുന്ന ഒരു വലിയ ദുരന്തം ഒഴിവായത് സമീപ ദിവസമാണ്. മണ്ണുറപ്പു കുറഞ്ഞ സ്ഥലങ്ങളിൽ സോയിൽ നെയിലിങ് സാങ്കേതിക വിദ്യ ഫലപ്രദമാകില്ലന്ന് വിദഗ്ദർ ചൂണ്ടികാട്ടിയതാണ്. പരിസരവാസികളുടെയും നാട്ടുകാരുടെയും ആയിരക്കണക്കായ യാത്രക്കാരുടെയും പ്രതിഷേധമുയർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഗൗരവപൂർണ്ണമായ ഒരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.
അഴിയൂർ മുതൽ വെങ്ങളം വരെ റോഡ് ഗതാഗതം തീർത്തും താറുമാറായിട്ടും കേന്ദ്രസംസ്ഥാന സർക്കാറും കമ്പനിയും കാണിക്കുന്നത് കുറ്റകരമായ വീഴ്ചയും അലംഭാവവുമാണ്. ആയിരക്കണക്കിന് വാഹനങ്ങൾ ഓടുന്ന സുപ്രധാന എൻ.എച്ച് 66 ദേശീയപാതയിൽ യാത്ര അങ്ങേയറ്റം ദുഷ്ക്കരവും ദുരിതപൂർണ്ണമായിട്ടും ദേശീയ പാത അതോറിറ്റിയോ സംസ്ഥാന സർക്കാറോ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.
പുതുതായി നിർമ്മിച്ച സർവ്വീസ് റോഡുകൾ എത്രമാത്രം ഭീകരമായ സ്ഥിതിയിലാണുള്ളത്! വെള്ളക്കെട്ടും ചെളിയും കാരണം പാതയാകെ കുളമായിരിക്കുന്നു. വഗാഡ് കമ്പനിയുടെ കെടുകാര്യസ്ഥതയും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തികളും കണ്ടിട്ടും അടിയന്തര നടപടികൾ എടുക്കേണ്ടവർ അനങ്ങാപ്പാറ നയം സ്വീകരിക്കുമ്പോൾ സമൂഹത്തിൻ്റെ പ്രതികരണ ശേഷിയെ വെല്ലുവിളിക്കുകയും നിസ്സാരവലൽക്കരിക്കുകയും ചെയ്യുന്നത് ആരെ സഹായിക്കാനാണ്?
ചങ്ങാത്ത മുതലാളിത്തത്തിൻ്റെ നീരാളി പിടിത്തത്തിൽ അകപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാറുകൾ സമൂഹത്തിൻ്റെ കൊടിയ ദുരിതം കാണാതെ പോകുന്നത് അത്യന്തം ക്രൂരമാണ്.
നാട്ടുകാരുടെ മേൽനോട്ടത്തിൽ നിർമ്മിക്കപ്പെടുന്ന ഗ്രാമീണ റോഡുകൾ പോലും സർവ്വീസ് റോഡുകളെക്കാൾ എത്രയൊ മെച്ചപ്പെട്ടതാണ്.
വഗാഡ് നിർമ്മാണക്കമ്പനി ഗുജറാത്ത് കേന്ദീകരിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണെന്നാണ് രേഖകളിൽ നിന്ന് മനസ്സിലാകുന്നത്. കമ്പനി വളർന്നു കൊണ്ടിരിക്കുകയാണ്.
പത്തുവർഷമായി രാജ്യം ഭരിച്ചു ആകാശവും ഭൂമിയുമെല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്ത അതേ സർക്കാർ തന്നെയാണ് വഗാഡ് കമ്പനിയുടെ വളർച്ചയുടെ പിന്നില്ലെന്ന ന്യായമായും കരുതുന്നതിൽ തെറ്റില്ല. ഈ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യം നിസ്സാരമായി കാണരുത്. എൻ. എച്ച്. 66ൽ ഇത്രമാത്രം അശ്രദ്ധവും അശാസ്ത്രീയമായി നിർമാണ പ്രവർത്തനം നടക്കുന്ന മറ്റൊരു സെകട്റും അഴിയൂർ- വെങ്ങളം പോലെ ഇല്ല. കോർപറേറ്റ് താത്പര്യങ്ങളേക്കാൾ എന്നും മുൻഗണന കൊടുക്കണ്ടത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സുരക്ഷിത്വത്തിനും ആയിരിക്കണം. ഈ രാജ്യം കൊള്ളയടിക്കാനും കട്ടുമുടിക്കാനും ആരെയും അനുവദിച്ചുകൂട.