ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ കടന്ന് പോയതിൽ വിശദീകരണം തേടി റെയിൽവെ. സംഭവത്തിൽ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നൽകാനാണ് ആവശ്യം. ഇന്നലെ രാത്രിയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് പയ്യോളിയിൽ നിർത്താതെ പോയത്.
സ്റ്റേഷൻ പിന്നിട്ട വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ സ്റ്റേഷൻ ഇല്ലാത്ത ഇരിങ്ങൽ ഭാഗത്ത് ട്രെയിൻ നിർത്തി. ഇവിടെ കുറച്ച് യാത്രക്കാർ ഇറങ്ങിയെങ്കിലും മറ്റുള്ള യാത്രക്കാർ തയ്യാറായില്ല. പിന്നീട് അടുത്ത സ്റ്റേഷനായ വടകരയിലാണ് മറ്റുളളവർ ഇറങ്ങിയത്. ഇവിടെ യാത്രക്കാർ പ്രതിഷേധിച്ചു. എന്നാൽ ഇരിങ്ങലിൽ ഇറങ്ങിയ യാത്രക്കാർക്കുള്ള വാഹന സൗകര്യം റെയിൽവെ ഒരുക്കി നൽകി.