‘അത്ഭുതങ്ങളൊപ്പിച്ച് വീണ്ടും ഒരു ജൂലായ് 14 ‘Super Sunday’

ഇലത്തുമ്പിലേക്ക് പെയ്ത് നിറയുന്ന മഴത്തുള്ളികളുടെ മധുര സംഗീതം പോലെയായിരുന്നു പോളിനിയുടെ പൊട്ടിച്ചിരി

പക്ഷേ ജയിക്കാൻ അത് മാത്രം പോരല്ലോ

ഹൃദയം നിറയ്ക്കുന്ന ചിരിക്കിടയിലും കഴിഞ്ഞ ദശകത്തിനിടെ വിംബിൾഡണിലെ വനിതാ ജേതാക്കൾ എല്ലാം തന്നെ പുതുമുഖങ്ങളായിരുന്നു എന്ന ചിന്തയാണ് എന്നെ ദൈന്യതയിലാഴ്ത്തിയത്

മാർട്ടിന നവരത്തിലോവയും , സ്റ്റെഫി ഗ്രാഫും പുൽത്തകിടിയിൽ അനാദൃശ്യമായി പ്രകടിപ്പിച്ച പാരസ്പര്യമാണ് വനിതാ ടെന്നീസിനെയും , വിംബിൾഡണിനെയും ഊഷ്മളമാക്കിയത് എങ്കിൽ

ഇന്നലെകളിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളാനോ , നിലവാരത്തിൻ്റെ സ്ഥായി ഭാവം സ്വാംശീകരിക്കാനോ സാധ്യമല്ലാത്ത നൈരന്തര്യത്തിൻ്റെ മരവിപ്പുകളിലാണ് വനിതാ ടെന്നീസും വിംബിൾഡണും

സ്റ്റെഫിയും , പുൽത്തകിടിയും, പാഴായി പോയ പോളിനിയുടെ മാദകത്വം തുളുമ്പുന്ന പൊട്ടിച്ചിരിയും കടന്ന് ഉറക്ക മുണർന്നപ്പോൾ

അതൊരു ഞായറാഴ്ച്ചയായിരുന്നു

അതെ ഇന്നൊരു ഞായറാഴ്ച്ച

വെറുമൊരു ഞായറാഴ്ച്ച ആവില്ലത്രെ
ഇന്നത്തെ സുദിനം !

അതൊരു Super Sunday
തന്നെ ആവുമത്രെ!

July 14 കായിക ദിനങ്ങളുടെ ചരിത്രത്തിൽ അല്ലെങ്കിലും വാഴ്ത്തപ്പെട്ടിരുന്നുവല്ലോ

പല ഞായറാഴ്ച്ചകളും കായിക ലോകത്ത് മുമ്പുണ്ടായിട്ടുണ്ടെങ്കിലും
2019 ജൂലൈ 14 പോലൊരു ദിനം അപൂർവ്വവും , അസുലഭവും , അസാധാരണവും ആയിരുന്നത്രെ!

32 കാരനായ ദ്യോക്കോക്ക് എതിരാളിയായി അന്ന് പുൽത്തകിടിയിൽ അവതരിച്ചത് ടെന്നീസ് കളിയുടെ സമസ്ത സൗന്ദര്യവും തൻ്റെ റാക്കറ്റിലേക്കാവാഹിച്ച മായാജാലക്കാരൻ റോജർ ഫെഡററായിരുന്നു

ദ്യോക്കോയുടെ അഗ്നിബാണങ്ങൾക്ക് മന്ദാര മലർ നിറച്ച അമ്പുകളുമായി ഫെഡ് മറുപടി പറഞ്ഞപ്പോൾ പുൽത്തകിടിയെ സാകൂതം വീക്ഷിച്ച മിഴിയിണകളോരോന്നിലും തുള്ളി തുളുമ്പിയത് കാൽപ്പനികതയുടെ തിരയിളക്കം ആയിരുന്നുവോ !

ഇതേ ദിവസം കുറച്ചകലെയായി , വിശ്വ വിഖ്യാതമായ ലോർഡ്സിലെ മൈതാനിയിൽ തുകൽ പന്തും ബാറ്റുമായി തറവാട്ടിലെത്തിയ വിശ്വകിരീടത്തെ ആദ്യമായി പ്രാപിക്കാൻ വെമ്പൽ കൊണ്ട സായിപ്പൻമാർ കീവിസ് പോരാളികളോട് കൊമ്പു കോർത്തു കൊണ്ടിരുന്നു

സമയം മുന്നോട്ടു പോകവേ കായിക പ്രേമികളുടെ കടിഞ്ഞാൺ തെറ്റിക്കുന്ന ഉദ്വേഗനിമിഷങ്ങളിലൂടെ ക്രിക്കറ്റും , ടെന്നീസും അതിൻ്റെ മൽസര ചൂട് ഉയർന്ന നിലയിലാക്കി

ടെന്നീസിൻ്റെ മാദക സൗന്ദര്യം നിറഞ്ഞ് തുളുമ്പിയിട്ടും ഫെഡിന് ജയിക്കാനായില്ല

തൻ്റെ വരുതിയിലേക്ക് വന്ന വിജയം എന്ന മധുചഷകം ദ്യോക്കോയുടെ മനക്കരുത്തിന് മുമ്പിൽ വഴുതി തെറിച്ചു പോകുന്നത് കണ്ട ഫെഡിൻ്റെ കണ്ണീരുപ്പു കലർന്ന വിംബിൾഡണിലെ ശോകമൂകമായ ഞായറാഴ്ച്ച ആയിരുന്നു 2019 July 14 ലേത്

ഇപ്പുറം മൽസരത്തിലും , പിന്നീട് അധിക മൽസരത്തിലും ഒപ്പത്തിനൊപ്പം പിടിച്ചിട്ടും, ചോരവാർന്ന മുഖവുമായി അകലെ നിന്നു കൊണ്ട് വിശ്വകിരീടത്തെ നോക്കിയ നായകൻ കെയ്ൻ വില്യംസൻ്റെയും ന്യൂസിലാണ്ടുകാരുടേയും നിരാശയും, നൊമ്പരവും പടർന്ന ലോർഡ്സിലെ ശോകമൂകമായ ഞായറാഴ്ച്ച ആയിരുന്നു അന്ന്
അതെ തോൽക്കാതെ തോറ്റുപോയവരുടേയും ഞായറാഴ്ച്ച

ദ്യോക്കോവിച്ചിൻ്റെ പ്രയാണം ഇതിഹാസ സമാനമായി ഉയർന്ന Super Sunday

എങ്കിൽ

തറവാട്ടിലേക്കാദ്യമായി ഏകദിന കപ്പെത്തിക്കാൻ ആവേശം ചിന്തിയ ബെൻ സ്റ്റോക്ക്സിൻ്റേയും ഇംഗ്ലീഷ് കൂട്ടാളികളുടേയും ഹൃദയം തുടിക്കൊട്ടിയ
Super Sunday

അതെല്ലാം 5 വർഷം മുമ്പത്തെ പഴങ്കഥ
മാത്രമല്ല കായികപ്രേമികൾക്കതൊരു വീരഗാഥ തന്നെ ആയിരുന്നു

അതെ
ഇന്നുമൊരു ഞായറാഴ്ച

വിജയത്തിൻ്റെ കാഹളവും, മുരൾച്ചയും ശംഖൊലി തീർക്കുന്നവർക്കൊപ്പം

കണ്ണീർവാർക്കുന്ന പരാജിതരുടെ യുദ്ധവീര്യത്തിൽ ചിന്തിയ ചോരയും ഇറ്റി വീണ തൂവേർപ്പും കൊണ്ട് വികാര സാഗരം തീർക്കാൻ പോവുന്ന ഞായറാഴ്ച്ച

Today will be a Super Sunday!

2019 പോലെ

ഇന്നത്തെ July പതിനാലും

ഒരു Super Sunday

പുൽത്തകിടിയിൽ ഫോർഹാൻ്റ് ഷോട്ടുകളിലൂടെ ടെന്നീസ് കവിതകൾ വിരിയിക്കാൻ ഒരറ്റത്ത് ദ്യോക്കോ കാത്തിരിക്കുന്നു

അയാളിന്നൊരു ഇതിഹാസമാണ്

കണക്കുകൾ അയാളെ GOAT ആക്കുന്നുമുണ്ട്

എന്നാൽ 2019 ൽ ഫെഡ് കാഴ്ച്ചവച്ച അതുല്ല്യമായ പ്രകടനത്തിൻ്റെ കോരിത്തരിപ്പിൽ വിജയവും , കണക്കുകളും എല്ലാം കേവലം മായ മാത്രമായി ഒതുങ്ങി നിൽക്കുകയാണെന്നതാണ് സത്യം

ഫെഡ്
അയാളങ്ങനെയൊരു മൂർത്തി ആയിരുന്നു എന്നും എല്ലായ്പ്പാഴും !

2023 ഫൈനൽ ആവർത്തിക്കാൻ കാർലോസ് അൽക്കാരസ് ദ്യാക്കോവിച്ച് ന് എതിരാളിയായി പുൽത്തകിടിയിൽ വരുമ്പോൾ 2019 ൻ്റെ ആവർത്തനം കൊതിക്കുന്ന ഒരു Super Sunday തിരശ്ശീലക്കിപ്പുറം കാത്തിരിക്കുന്നു

വിംബിൾഡണ്ടിനൊപ്പം 5 വർഷങ്ങൾക്ക് മുമ്പേ ക്രിക്കറ്റായിരുന്നെങ്കിൽ

ഈ സുദിനത്തിൽ
കാൽപ്പന്ത് കളിയുടെ ആവേശ മർമ്മരങ്ങൾക്കായാണ് നാം കാതോർക്കേണ്ടത്

യൂറോ കപ്പിൻ്റെ ഫൈനലിൽ
സ്പെയിൻ ഇംഗ്ലണ്ടിനെയും

കോപ്പ അമേരിക്കയുടെ ഫൈനലിൽ അർജൻ്റീന – കൊളംബിയയേയും നേരിടും

കഴിഞ്ഞ തവണ ഇറ്റലിയോടേറ്റ പരാജയം , ഇംഗ്ലീഷുകാർക്കും സൗത്ത് ഗേറ്റിനും ഉള്ളിൽ ഉണങ്ങാത്ത നീറ്റലാണ്

1966 ലെ ഒരു ലോക കിരീടമല്ലാതെ മറ്റൊന്നും പറയാൻ, ഊറ്റം കൊള്ളാൻ ഇംഗ്ലീഷുകാർക്കില്ല

ഒരു യൂറോ കിരീടം പോലും നേടാത്ത പ്രതാപശാലികൾ എന്ന നാണക്കേടിൻ്റെ കളങ്കം പേറിയാണവരുടെ ഓരോ തിരിച്ച് പോക്കുകളും
പതിറ്റാണ്ടുകൾ നീണ്ട കിരീട വരൾച്ചക്കൊരറുതിക്കായി മനമുരുകുന്ന നാടും , നാട്ടുകാരും, ആരാധകരും ചങ്ക് പറിച്ച് നൽകാൻ വെമ്പൽ പൂണ്ട് കാത്തിരിക്കുമ്പോൾ
ബെല്ലിംഗാമും, ഹാരികെയ്നും , സാക്കയും അടങ്ങുന്ന ഇംഗ്ലീഷ് മുന്നേറ്റ നിരക്ക് ഇനിയും അത് കണ്ടില്ലെന്ന് നടിക്കാനാവില്ല

ചുറുചുറുക്കും യുവത്വവും തുടിക്കുന്ന സ്പാനിഷ് നിര ടൂർണ്ണമെൻ്റിലെ തന്നെ തികവുറ്റ ടീമാണ്

ഇംഗ്ലീഷിൻ്റെ വികാര വിസ്ഫോടനവും , സ്പെയിനിൻ്റെ ഒത്തിണക്കമുള്ള പ്രകടന മികവും കൊമ്പുകോർക്കുമ്പോൾ ഇന്ന് ജർമ്മനിയിലെ ഒളിംപിയാഡ് സ്റ്റേഡിയത്തിലെ യൂറോ ഫൈനൽ തീ പാറാനാണ് സാധ്യത

രണ്ട് പത്താം നമ്പർ കുപ്പായക്കാർ തമ്മിലുള്ള പ്രതിഭാ മാറ്റുരക്കൽ കൂടിയാണി ഫൈനൽ

ബാലൺ ഡ്യോർ മോഹിച്ചെത്തുന്ന ജൂഡ് ബെല്ലിംഗാമും, യൂറോയുടെ താരമാവാൻ സാധ്യതയുള്ള മധുര പതിനേഴ്കാരൻ ലാമിൻ യമാലും ആണ് ഫുട്ബോൾ പ്രണയിനികളെ കൊതിപ്പിച്ച് കൊണ്ട് മുന്നേറുന്ന ആ രണ്ട് ചുണക്കുട്ടികൾ !

ലയണൽ മെസിക്കൊപ്പം ലയണൽ സ്കലോണി ചേർന്ന ശേഷം വിശ്വം കീഴടക്കി കുതിക്കുകയാണ് അർജൻ്റീനിയൻ അശ്വരഥം

പ്രായവും, പരിക്കും അൽപ്പം തളർത്തിയിരിക്കുന്നു മിശിഹായെ

എന്നാൽ ഗോൾ പോസ്റ്റ് കാക്കുന്ന എമിലിയാനോ മാർട്ടിനസ് എന്ന പറക്കും പുലിയുടെ അടങ്ങാത്ത ക്രൗര്യം ആൽബിസെലസ്റ്റോകൾക്ക് അവസാന രക്ഷയേകുന്നു

ഏഞ്ചൽ ഡി മരിയോ എന്ന അർജൻ്റീനിയൻ ഹൃദയത്തുടിപ്പിനായി ഇന്ന് മെസ്സിയും കൂട്ടരും പൊരുതാനിറങ്ങിയാൽ ടൂർണ്ണമെൻ്റിലെ സന്തുലിതമായ ടീമായ കൊളംബിയയുമായുള്ള കോപ്പ ഫൈനൽ വികാര പ്രക്ഷുബ്ധമായേക്കും !

10 വർഷങ്ങൾക്ക് മുമ്പേ നടന്ന ബ്രസീൽ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ഹീറോ ഹാമിഷ് റോഡ്രിഗസ് ഗോളടിച്ചും, അടിപ്പിച്ചും ഹൃദയം കൊണ്ട് പന്ത് തട്ടിയാണ് കൊളംബിയയെ രാജകീയമായി ഫൈനലിലേക്ക് നയിച്ചത്

അവിടെ സാക്ഷാൽ ലയണൽ ആന്ദ്രെ മെസി ഹാമിഷിനെ എങ്ങിനെ വരവേൽക്കും എന്നറിയുന്ന Super Sunday കൂടിയാവും ഇന്നത്തേത്

മെസിക്ക് 37 എങ്കിൽ ദ്യോക്കോക്ക് 36 ആണ് പ്രായം . റാഫക്കും, ഫെഡിനും പിന്നാലെ ടെന്നീസ് ചക്രവാളത്തിലെ യുഗപുരുഷനായ ദ്യോക്കോ , കിരീടങ്ങളുടെ കണക്കിൽ ഇരുവരേയും പിന്നിലാക്കി സമാനതകളില്ലാത്ത ഇതിഹാസമായി കുതിക്കുകയാണ്

25 ഗ്രാൻസ്ലാം നേടി ചരിത്രം കുറിക്കുവാൻ
എട്ടാമത്തെ വിംബിൾഡൺ കിരീടം നേടി ഫെഡിനൊപ്പമെത്താൻ

അങ്ങിനെ ഒരു പിടി ആശകളുമായി എത്തുന്ന ദ്യോക്കോയ്ക്ക് തടയണ കെട്ടാൻ

ടെന്നീസിലെ യുവ പ്രതിഭ അൽക്കാരസ് തയ്യാറെടുക്കുമ്പോൾ വിംബിൾഡണിലെ പുൽക്കോർട്ടിലിന്ന് യുദ്ധസമാനമായ അന്തരീക്ഷത്തിനാവും സാക്ഷ്യം വഹിക്കുക

യൂറോ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ സ്പെയിൻ

വിംബിൾഡൺ ഫൈനലിൽ ദ്യോക്കോവിച്ചിനെ നേരിടുന്നതൊരു സ്പാനിഷ് പയ്യൻ

കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ നേരിടുന്ന അർജൻ്റീനയുടെ വീരനായകൻ സാക്ഷാൽ ലിയോ മെസി ബാഴ്സലോണയുടെ ദത്തുപുത്രൻ , സ്പെയിനുമായി ഹൃദയ ബന്ധനസ്ഥൻ

സ്വപ്നങ്ങളും , പ്രതീക്ഷകളും , കണക്ക് കൂട്ടലുകളുമായി വരുന്ന ഒരു പിടി പോരാളികളെ തടയണ കെട്ടി വെല്ലുവിളിക്കുന്ന സ്പാനിഷുകാരുടെ Super Sunday കൂടിയാവും ഇന്നത്തേത്

ഒരു സിനിമയെ വെല്ലുന്ന നാടകീയതകളും , വഴിത്തിരിവുകളും, വൈകാരിക നിമിഷങ്ങളുമായി നിങ്ങളെ ഈ Super Sunday മാടി വിളിക്കുന്നുണ്ട്

കാത്തിരിക്കാം , കാതോർത്തിരിക്കാം

Leave a Reply

Your email address will not be published.

Previous Story

കാവുന്തറ പുത്തലത്ത് മീ ത്തൽ കണാരൻ അന്തരിച്ചു

Next Story

പ്രസിദ്ധ അഭിനേതാവ് എം.വി ബാബുരാജിനെ ആദരിച്ചു

Latest from Sports

അലസതയുടെ കിതപ്പും, കുതിപ്പിനിടയിലെ നിർഭാഗ്യങ്ങളും; ജർമ്മൻ കലത്തിൽ വേവിച്ചെടുത്ത കലക്കൻ സ്പാനിഷ് മസാല- വിപിൻദാസ് മതിരോളി

അത്രയൊന്നും ആനന്ദം പ്രദാനം ചെയ്യാതെ ഷൂട്ടൗട്ടിൻ്റെ സമ്മർദ്ദത്തിലേക്ക് കടന്ന സൂപ്പർതാര മത്സരങ്ങൾക്കിടയിൽ ക്രിസ്റ്റ്യാനോക്കും മെസിക്കും മ്പാപ്പെക്കും ഇടയിൽ നടന്ന ഒരു മത്സരം;

മലബാർ റിവർ ഫെസ്റ്റിവൽ പത്താമത് എഡിഷൻ ജൂലൈ 25 മുതൽ; 8 രാജ്യങ്ങളിൽ നിന്നുള്ള 11 കയാക്കർമാർ പങ്കാളിത്തം ഉറപ്പിച്ചു

ചാലിപ്പുഴയുടെയും ഇരുവഞ്ഞിയുടെയും ജലപ്പരപ്പിൽ സാഹസികതയുടെ ആവേശോജ്ജ്വല തുഴയെറിയുന്ന മലബാർ റിവർ ഫെസ്റ്റിവൽ വരവായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷൻ കോഴിക്കോട്

‘ആത്മവിശ്വാസത്തിൻ്റെ നിറകുടമായി അൽക്കാരസ് ഉദിച്ചുയർന്ന അത്ഭുത നിശ’

22 ഗ്രാൻ്റ്സ്ലാമുകളിൽ 14 എണ്ണവും ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട് റോളണ്ട് ഗാരോസിലെ ടെന്നീസ് പ്രണയികളേയും , കളിമൺ കോർട്ടിലെ ഓരോ മണൽത്തരികളേയും

കാൾസനെ വീഴ്ത്തിയ പ്രാഗ് കാസ്ളിങ്

അതി ശാന്തനായി വെള്ളക്കരുക്കളിലെ കുതിരകളെ ആദ്യം കളത്തിലിറക്കിയുള്ള ഫോർനൈറ്റ്‌സ് എന്ന ഇംഗ്ലീഷ് പ്രാരംഭത്തിലൂടെ ഈ പുലരിയെ ആ പയ്യൻ വരവേറ്റു… “ആരോരാളെൻ