സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടി.
നേരത്തെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് 96 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്കാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചത്. കൂടുതൽ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതുമാണ് മുസ്‌കാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ഉൾപ്പെടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. എസ്.എൻ.സി.യു., എൻ.ബി.എസ്.യു., പ്രസവാനന്തര വാർഡ്, പീഡിയാട്രിക് ഒപിഡി, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് മുസ്‌കാൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.