സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് കമ്മിറ്റി രൂപീകരണം. കെടിയു അടക്കം സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളില്‍ സെനറ്റ് നോമിനികളില്ലാതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു കമ്മിറ്റി രൂപീകരണം. ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചു. ഇതിനിടെയാണ് സാങ്കേതിക സര്‍വകലാശാലയില്‍ സര്‍ക്കാര്‍ പുതിയ സര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.
കെടിയുവില്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച സര്‍വകലാശാല ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ കമ്മിറ്റി. അഞ്ചംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മുന്‍ കുസാറ്റ് വിസി ഡോ. കെഎന്‍ മധുസൂധനനാണ് യൂണിവേഴ്‌സിറ്റി പ്രതിനിധി, മദ്രാസ് ഐഐടിയില്‍ നിന്നുള്ള ഡോ. പ്രദീപാണ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ നോമിനി. ഗവര്‍ണറുടെ കമ്മിറ്റിയില്‍ ഉള്ള ക്ഷിതി ഭൂഷന്‍ ദാസ് തന്നെയാണ് യുജിസി പ്രതിനിധി ആയിട്ടുള്ളത്. കുസാറ്റ് വിസിയുടെ ചുമതല വഹിക്കുന്ന പിജി ശങ്കരന്‍, മുന്‍ എംജി വിസി സാബു തോമസ് എന്നിവരെ സര്‍ക്കാര്‍ നോമിനികളായും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.