നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത്. 79 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്. ബീഹാറാണ് ഏറ്റവും പിന്നിൽ. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാമതുണ്ട്.
2020-21 ൽ ഒന്നാമതെത്തിയ കേരളം ഇത്തവണ 4 പോയിന്റ് കൂടി ഉയർത്തിയാണ് നേട്ടം കൈവരിച്ചത്. വ്യാഴാഴ്ചയാണ് നിതി ആയോഗ് റിപ്പോർട്ട് പുറത്തുവിട്ടത്. പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. രാജസ്ഥാൻ, ഉത്തർപ്രദേശ് അസം ജാർഖണ്ഡ് ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും അവസാനം ഉള്ളത്.
78 പോയിന്റോടെ തമിഴ്നാടാണ് കേരളത്തിനും ഉത്തരാഖണ്ഡിനും പിറകിൽ. 77 പോയിന്റാണ് ഗോവക്ക്. ജാർഖണ്ഡിന് 62ഉം നാഗാലാൻഡിന് 63ഉം പോയിന്റാണുള്ളത്. ഛണ്ഡീഗഢ്, ജമ്മു ആൻഡ് കശ്മീർ, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം നടത്തുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ.
വൈസ് ചെയർമാൻ രാജീവ് കുമാറാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. എസ്‌ഡിജി ഇന്ത്യ ഇൻഡെക്സ് ആൻഡ് ഡാഷ്‌ബോർഡിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിരീക്ഷിക്കാനുള്ള ശ്രമം ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്താൻ ഇത് വളരെയേറെ സഹായകമാകുന്നുണ്ടെന്നും ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.