സാമൂഹികമാധ്യമത്തിൽകൂടി വേറിട്ട മത്സ്യവിൽപ്പനയിലൂടെ ശ്രദ്ധനേടുകയാണ് പള്ളിക്കരയിലെ കിഴക്കേ കണ്ടോത്ത് റഫീഖ് (35). ട്രോളിങ് തുടങ്ങി മത്സ്യത്തിന് വിലകൂടുകയും മത്സ്യം കിട്ടാക്കനിയാവുകയും ചെയ്യുമ്പോഴാണ് ഓഫറുകളിലൂടെയും ആകർഷകമായ സമ്മാനങ്ങളിലൂടെയും റഫീഖിന്റെ മത്സ്യവിൽപ്പന പൊടിപൊടിക്കുന്നത്. മത്സ്യം വാങ്ങുന്നവർക്ക് കൂപ്പൺ നൽകി നറുക്കെടുപ്പിലൂടെയാണ് സമ്മാനം നൽകുന്നത്.
എല്ലാമാസവും ഒന്നാം തീയതിയാണ് നറുക്കെടുപ്പ്. ഫ്രിഡ്ജ്, മിക്സി, കുക്കർ എന്നിവ സമ്മാനമായി നൽകിക്കഴിഞ്ഞു. ബമ്പർ സമ്മാനമായി ഒരുലക്ഷത്തിൽ കൂടുതൽ വിലവരുന്ന ഇലക്ട്രിക് സ്കൂട്ടറാണ് നൽകുന്നത്. പള്ളിക്കര ഒഴവന മുക്കിലാണ് -റഫീക്കിൻ്റെ കച്ചവടം. കൊയിലാണ്ടി, തിക്കോടി, ചോമ്പാല, പുതിയാപ്പ എന്നിവിടങ്ങളിൽനിന്ന് ഗുഡ്‌സ് വണ്ടിയിലാണ് മത്സ്യം കൊണ്ടു വരുന്നത്. കൊറോണ സമയത്ത് ജോലിയില്ലാതായതോടെയാണ് റഫീഖ് മത്സ്യവിൽപ്പന രംഗത്തേക്ക് തിരിഞ്ഞത്. വാട്‌സാപ്പ് ഗ്രൂപ്പിൽ ചെറിയതോതിൽ തുടങ്ങിയ കച്ചവടം. ഇപ്പോൾ ഗ്രൂപ്പിൽ അംഗസംഖ്യ 2000 കവിഞ്ഞു.
രാവിലെയും വൈകുന്നേരവുമാണ് മത്സ്യം കൊണ്ടുവരുന്നത്. ഇവിടെയെത്തുമ്പോൾത്തന്നെ വിറ്റഴിയുന്ന സ്ഥിതിയാണ്. ദൂരദിക്കുകളിൽനിന്നുപോലും മത്സ്യം വാങ്ങാനായി ആളു കളിവിടെയെത്തുന്നു. സഹായത്തിന് റസാക്ക്, ശശി എന്നീ രണ്ട് സഹായികളുമുണ്ട്. മത്സ്യത്തിൻ്റെ പേരും വിലയും വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ അറിയിക്കും. കൂടുതൽ ആളുകളുള്ളതുകൊണ്ട് കച്ചവടത്തിൽ നഷ്ടമൊന്നുമില്ലെന്നും ലാഭം കുറഞ്ഞാലും വിലക്കുറവിൽ നല്ലമത്സ്യം ജനങ്ങൾക്ക് നൽകുകയാണ് ലക്ഷ്യമെന്നും റഫീഖ് പറഞ്ഞു.