ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും. ഇതുപ്രകാരം പണം ചെലവഴിക്കലിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്തും. ശമ്പളത്തിനു പിന്നാലെ ക്ഷേമപെന്‍ഷന് പ്രാധാന്യം നല്‍കും. അടുത്ത മുന്‍ഗണന സിവില്‍ സപ്ലൈസ് ഉള്‍പ്പെടെ ജനത്തെ നേരിട്ടു ബാധിക്കുന്ന മേഖലകള്‍ക്കായി മാറ്റിവെയ്ക്കും. വന്‍കിട പദ്ധതികള്‍ ഗുണം ചെയ്യുന്നില്ലെങ്കില്‍ ചെലവ് വെട്ടിക്കുറയ്ക്കും. ക്ഷേമപെന്‍ഷന്‍ കുടിശിക തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് കൊടുത്തുതീര്‍ക്കാനാണ് ശ്രമം. സംസ്ഥാനത്തിന്റെ തനത് വരുമാനം കൂടുന്നത് പ്ലാൻ ബിക്ക് ഗുണകരമാകുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പിൽ തിരിച്ചടി ആവുകയും. ധനവകുപ്പ് രൂക്ഷമായ ആക്രമണത്തിന് സിപിഎം- സിപിഐ കമ്മറ്റികളിൽ വിധേയമാവുകയും ചെയ്തതോടെ സാധാരണക്കാരനെ ഒപ്പം നിർത്താനാണ് ബജറ്റിൽ ചൂണ്ടിക്കാട്ടിയ പ്ലാൻ ബി പുറത്തെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. കേന്ദ്രസർക്കാർ സഹായിക്കുന്നില്ലെങ്കിൽ സംസ്ഥാനത്തിന് പ്ലാൻ ബി ഉണ്ടെന്നായിരുന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞത്. ക്ഷേമ പെൻഷൻ മുടങ്ങാതെ നൽകാനാണ് പ്ലാൻ ബി പുറത്തെടുക്കാൻ ധന വകുപ്പ് തയ്യാറെടുക്കുന്നത്.
പണം ചിലവഴിക്കലിന്റെ മുൻഗണനയിൽ മാറ്റം വരുത്തുന്നതാണ് പ്ലാൻ ബി യുടെ ആദ്യഘട്ടം. ശമ്പളത്തിന് പിന്നാലെ അടുത്ത മുൻഗണനയായി ക്ഷേമ പെൻഷൻ നിശ്ചയിക്കാനാണ് ധനവകുപ്പിലെ ആലോചന. ഒരു നിശ്ചിത തീയതി പ്രഖ്യാപിച്ചു, ആ ദിവസം ക്ഷേമപെൻഷൻ അക്കൗണ്ടിൽ വരും. സാധാരണക്കാരനുമായി നേരിട്ട് ബന്ധപ്പെടുന്ന സിവിൽ സപ്ലൈസിന് തൊട്ടടുത്ത മുൻഗണന നൽകും. ദൂരവ്യാപകമായി ഗുണം ചെയ്യാത്ത വൻകിട പദ്ധതികളിൽ ചിലവ് തൽക്കാലം വെട്ടി കുറയ്ക്കാനാണ് സർക്കാർ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് മുഴുവൻ പെൻഷൻ കുടിശ്ശികയും കൊടുത്തു തീർക്കാൻ ശ്രമം നടത്തും.