വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകളേകി ആദ്യ മദര്‍ഷിപ്പ് ‘സാന്‍ ഫെര്‍ണാണ്ടോ’ വിഴിഞ്ഞം തുറമുഖം തൊട്ടു. വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചാണ് കപ്പലിനെ തുറമുഖത്തേക്കെത്തിച്ചത്. കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. ട്രയല്‍ റണ്‍ ഉദ്ഘാടനവും മദര്‍ഷിപ്പിന് സ്വീകരണവും നാളെ നടക്കും.
ജൂലൈ 2ന് ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട് എട്ട് ദിവസത്തെ യാത്രക്കൊടുവിലാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തെത്തുന്നത്. ഡാനിഷ് കണ്ടെയ്നർ ഷിപ്പ് കമ്പനി മെസ്ക് ലൈനിന്‍റേതാണ് ഒൻപത് വർഷം പഴക്കമുള്ള കപ്പല്‍. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. ബർത്തിങ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസും നടക്കും. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും. ഇതിനായി വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയിനുകള്‍ ഉപയോഗിക്കും.
റഷ്യക്കാരനായ വ്‌ളാഡിമര്‍ ബോണ്ടാരങ്കോ ക്യാപ്റ്റനായ കപ്പലിലെ ക്രൂവില്‍ ആകെ 22 പേരുണ്ട്. മലയാളിയായ പ്രജീഷ് ഗോവിന്ദരാജ് അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് സൂചന.
നാളെയാണ് ട്രയല്‍ റണ്‍ നടക്കുക. 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇത് സര്‍ക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാര്‍ഥ്യമാക്കുന്ന സ്വപ്നമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.