ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോല്‍വിയെ തുടര്‍ന്നുളള കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ തുടക്കമാകും. അടുത്തിടെ ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തയ്യാറാക്കും.
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. ഓരോ ജില്ലയിലും ആയിരത്തോളം ബ്രാഞ്ച് കമ്മിറ്റികളുണ്ട്. ഏരിയാ നേതാക്കളാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നവംബര്‍ മാസത്തില്‍ ലോക്കല്‍ സമ്മേളനങ്ങളും, ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളുമായിരിക്കും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങളിലേക്കും ഫെബ്രുവരി മാസത്തില്‍ സംസ്ഥാന സമ്മേളനത്തിലേക്കും കടക്കും. 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ തവണ കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് നടന്നത്. ഇത്തവണ എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല.
കഴിഞ്ഞ തവണ 2022 മാര്‍ച്ചില്‍ കൊച്ചിയിലാണ് സംസ്ഥാന സമ്മേളനം നടന്നത്. പ്രത്യയശാസ്ത്ര തര്‍ക്കങ്ങളോ നേതൃതലത്തിലെ വിഭാഗീയതകളുടെയോ അലട്ടലില്ലാതെയാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനം നടന്നത്. 2005-ലെ മലപ്പുറം സമ്മേളനം തൊട്ട് 2015 -ലെ ആലപ്പുഴ സമ്മേളനം വരെ പാര്‍ട്ടി നേരിട്ട കടുത്ത വിഭാഗീയത കൊച്ചിയില്‍ നടന്ന കഴിഞ്ഞ സമ്മേളനത്തില്‍ ദൃശ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം ചെയ്ത എല്ലാ ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും ഭരണ പരാജയവും, നേതാക്കളുടെ ധാര്‍ഷ്ഠ്യവും ചര്‍ച്ചയായി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഇതൊക്കെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ഉയരുമെന്നത് തീര്‍ച്ചയാണ്.
കനത്ത തോല്‍വിയില്‍ നിന്ന് തിരിച്ചു വരവ് സി.പി.എം പ്രവര്‍ത്തകരും അണികളും നേതാക്കളും ഒരു പോലെ ആഗ്രഹിക്കുന്നുണ്ട്. അടുത്ത നവംബര്‍-ഡിസംബര്‍ മാസത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് നടക്കും. അതിനും പാര്‍ട്ടിയെയും മുന്നണിയെയും സജ്ജമാക്കണം. തൊട്ടടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പുമാണ്. ബംഗാളും ത്രിപുരയും കേരളത്തിലും ആവര്‍ത്തിക്കുമോയെന്ന ആശങ്ക എല്ലാ പാര്‍ട്ടി അണികളിലുമുണ്ട്. പരാജയം മറികടക്കാന്‍ മേജര്‍ ഓപ്പറേഷന് തന്നെ പാര്‍ട്ടി സജ്ജമാകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം. രണ്ടും മൂന്ന് വര്‍ഷം ഏരിയാ ജില്ലാ സെക്രട്ടറിമാരായി തുടരുന്ന വരെ മാറ്റും. പകരം പുതുമുഖങ്ങളെ കൊണ്ടുവരും. നിലവിലെ സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ തന്നെ തുടരാനാണ് സാധ്യത.